വി എസ്, ‘ജനകന്‍’ താങ്കളോടുള്ള ചോദ്യമാണ്!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
“എല്ലാ പെണ്‍‌വാണിഭക്കാരെയും കൈയാമം വച്ചു നടത്തും” - ഈ ഡയലോഗ് ഒരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രത്തിലേതല്ല. കേരളത്തിലെ ഏറ്റവും ‘ജനപ്രിയനായിരുന്ന’ രാഷ്ട്രീയകാരന്‍ വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നടത്തിയതാണ്. കൈയടികളോടെ കേരളം ആ വാക്കുകള്‍ നെഞ്ചോടുചേര്‍ത്തു. വി എസിന് അന്നു നല്‍കിയ കൈയടിയില്‍ ഇപ്പോള്‍ മലയാളികള്‍ ലജ്ജിക്കുന്നു.

മുഖ്യമന്ത്രിയായപ്പോള്‍ പഴയകാലവും പഴയവാക്കുകളും മറന്ന സഖാവാണ് വി എസ് അച്യുതാനന്ദന്‍. പഴയവാക്ക് പഴം‌ചാക്ക് എന്ന രീതി. വി എസ് മുഖ്യമന്ത്രിയായ ശേഷം പെണ്‍‌വാണിഭങ്ങളും സ്ത്രീപീഡനങ്ങളും എത്ര നടന്നു. ഏതെങ്കിലും പ്രതിയെ കൈയാമം വച്ചോ? സ്ത്രീകളുടെ കണ്ണീരൊപ്പുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്ത്രീപീഡന സംഭവങ്ങളോട് കുറ്റകരമായ നിസ്സംഗതയാണ് പുലര്‍ത്തിയത്.

കഴിഞ്ഞ ദിവസം റിലീസായ മലയാള ചിത്രം ‘ജനകന്‍’ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ളതാണ്. പെണ്‍‌മക്കളുള്ള മാതാപിതാക്കള്‍ ആകുലതയോടെ, ഭയപ്പാടോടെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലേ? ജീവന്, സ്വത്തിന്, മാനത്തിന് ഭീഷണിയില്ലാതെ ജീവിക്കാന്‍ എല്ലാവരെയും അനുവദിക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയല്ലേ? മുഖ്യമന്ത്രിയുടെ ചുമതലയല്ലേ? ഇതൊന്നും വകവയ്ക്കാതെ തനിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള അഞ്ചുവര്‍ഷം തികച്ചു ഭരിക്കാനുള്ള ഒരു തന്ത്രജ്ഞനായ ഭരണാധികാരിയുടെ മൌനമാണ് വി എസ് ഇപ്പോള്‍ പുലര്‍ത്തുന്നത്.

‘ജനകന്‍’ എന്ന ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. അതിനു ശേഷം അവളെ കൊലപ്പെടുത്തുന്നു. ഈ കേസ് പൊലീസിനും സര്‍ക്കാരിനും ‘ഒരു പതിവ് പീഡനക്കേസ്’ മാത്രം. മകളെ നഷ്ടപ്പെട്ട അച്ഛന്‍, അതിന് കാരണക്കാരായവരെ വകവരുത്തുന്നതോടെ സര്‍ക്കാര്‍ ‘ഉണര്‍ന്ന്’ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒരു പാവം പെണ്‍കുട്ടിയെ നശിപ്പിച്ചു കൊലപ്പെടുത്തിയ മൂന്നു പേരെ ഈ ഭൂമിയില്‍ നിന്ന് പറഞ്ഞയച്ച അയാള്‍ കുറ്റക്കാരന്‍!

ഈ നിലപാടുതന്നെയല്ലേ കിളിരൂര്‍, കവിയൂര്‍ പിന്നെ മറ്റനേകം പീഡനക്കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്? പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് സമൂഹത്തില്‍ കുറ്റക്കാരായി ജീവിക്കേണ്ടിവരുന്നത്. അവരെ ആ ദുരന്തത്തിലേക്ക് തള്ളിവിട്ടവര്‍ തങ്ങളുടെ ‘അഭ്യാസം’ നിരന്തരം തുടരുകയും ചെയ്യുന്നു. ‘പീഡനക്കാരെ കൈയാമം വയ്ക്കു’മെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ’ ഭാവത്തില്‍ പര്‍ട്ടിക്കാര്യങ്ങള്‍ ശ്രദ്ധിച്ച് സമയം പോക്കുന്നു.

എത്ര മാതാപിതാക്കളുടെ രോദനങ്ങള്‍ ഈ ഭരണകര്‍ത്താക്കളുടെ കാതുകളില്‍ അലയടിച്ചൊടുങ്ങിയിട്ടുണ്ട്. അതൊന്നും കേട്ടഭാവം നടിക്കാതെ ‘ഭരണം’ തുടരുകയാണ്. പാര്‍ട്ടിയിലെ എതിരാളികള്‍ക്കു കീഴടങ്ങി ‘സമരസപ്പെട്ട്’ ജീവിക്കുന്ന വി എസ് തീര്‍ച്ചയായും ജനകന്‍ കാണണം. സിനിമ കണ്ട് മാനസാന്തരപ്പെട്ട് പെണ്‍‌വാണിഭ സംഘങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമെന്നുള്ള വിശ്വാസം കൊണ്ടല്ല. നരാധമന്‍‌മാരാല്‍ ആക്രമിക്കപ്പെട്ട് ജീവിതം തകര്‍ന്ന ഒരുപാട് പെണ്‍‌കുട്ടികളും അവരുടെ ഹതഭാഗ്യരായ കുടുംബങ്ങളും ഈ സമൂഹത്തില്‍ ജീവിക്കുന്നുണ്ട് എന്ന ഒരു ഓര്‍മ്മ ഈ സിനിമ കാണുമ്പോഴെങ്കിലും ഉണര്‍ന്നാല്‍ അതൊരു ആശ്വാസം. ആ ഓര്‍മ്മകള്‍ ഉണ്ടാകുന്നതുപോലും വി എസ്, അങ്ങയെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :