മുഖ്യമന്ത്രി പിണറായി തന്നെ; പ്രതിപക്ഷം യുഡിഎഫില്‍ ഒതുങ്ങില്ല; അപ്രഖ്യാപിത പ്രതിപക്ഷമായി വിഎസും പിസിയും പിന്നെ ഒ രാജഗോപാലും

പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ പതിനാലാം സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോവുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പിണറായിക്കൊപ

പിണറായി വിജയന്‍, പിസി ജോര്‍ജ്, ഒ രാജഗോപാല്‍ Pinarayi Vijayan, PC George, O Rajagopal
rahul balan| Last Updated: ബുധന്‍, 25 മെയ് 2016 (08:22 IST)
പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോവുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പിണറായിക്കൊപ്പം 19 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യും. അഴിമതി മുക്തഭരണം എന്ന മുദ്രാവാക്യവുമായാണ് ഇടതുപക്ഷം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടു തന്നെ, പ്രതിപക്ഷത്തിന്റെ ആശയങ്ങളേക്കാള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത് യു ഡി എഫ് ഭരണകാലത്തെ അഴിമതി ആരോപണങ്ങളായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് അടി ഒഴുക്കുകളെക്കുറിച്ചും ഇടത് തരംഗത്തേക്കുറിച്ചും ഉമ്മന്‍ ചാണ്ടി വാചാലനായത്. ഫലം വരുന്നതിന് തൊട്ട് മുമ്പു‌വരെ തുടര്‍ഭരണം എന്ന് പാടി നടന്ന മുഖ്യമന്ത്രി ഇടതുപക്ഷം ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയതോടെ തലയ്ക്ക് പിന്നില്‍ അടികിട്ടിയ അവസ്ഥയിലായിരുന്നു. കാര്യമായ പ്രതികരണങ്ങളോ കുറ്റപ്പെടുത്തലുകളോ പുതുപ്പള്ളിയില്‍ നിന്നും പുറത്തുവന്നില്ല.

91 എം എല്‍ എമാരുമായി അധികാരത്തിലെത്തുന്ന നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പില്‍ കടമ്പകള്‍ ഏറെയാണ്. ‘ഇടതുപക്ഷം വരും എല്ലാം ശരിയാകും’ എന്ന പരസ്യവാചകം ‘ബൂമറാങ്ങ്’ പോലെ തിരിച്ചടിക്കുമോ എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഭരണത്തിലെത്തിയ ആദ്യ ദിനങ്ങളില്‍ സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുത്ത് ആ കടമ്പ കടക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ പ്രതിപക്ഷ സ്ഥാനത്തുള്ളവരുടെ എണ്ണം കുറച്ച് അധികമാണെന്ന് പറയാം.

എം എല്‍ എമാരുടെ എണ്ണം നോക്കുകയാണെങ്കില്‍ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസ് തന്നെ. യു ഡി എഫ് ഭരണകാലത്തെ അഴിമതി വിഷയങ്ങളില്‍ നടപടിയെടുത്ത് കോണ്‍ഗ്രസിനെ എളുപ്പത്തില്‍ നേരിടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ പൂഞ്ഞാറിലെ പടക്കുതിര പി സി ജോര്‍ജിനെ തളച്ചിടുക അത്ര എളുപ്പമല്ല. തന്റെ എല്‍ ഡി എഫ് പ്രവേശനത്തിന് വിലങ്ങുതടിയായി നിന്ന പിണറായിക്കെതിരെ പരസ്യ പ്രസ്താവനകളുമായി ഇതിനോടകം തന്നെ പി സി രംഗപ്രവേശം ചെയ്തു കഴിഞ്ഞു. വി എസിനെ വസതിയില്‍ ചെന്നു കണ്ടതിലൂടെ താന്‍ രണ്ടും കല്‍പ്പിച്ചാണ് എന്ന സൂചന പി സി നല്കിക്കഴിഞ്ഞു. പിന്നീട് മാധ്യമങ്ങളെക്കണ്ട പി സി ജോര്‍ജ് വി എസ് പൂര്‍ണ ആരോഗ്യവാനാണെന്നും തന്റെ കണ്ണില്‍ വി എസിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും പറഞ്ഞു. ഇതിലൂടെ, സര്‍ക്കാരിനെതിരെ വി എസിനെ ഇളക്കിവിട്ട്, വി എസിനേക്കൂടി കൂടെച്ചേര്‍ത്ത് മറ്റൊരു പ്രതിപക്ഷം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പ് പി സി നടത്തുമെന്ന് ഉറപ്പ്.

മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പു പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ബംഗാളിയെപ്പോലെ വെയിലത്ത് ഓടിനടന്ന് പ്രചാരണത്തിന് നേതൃത്വം കൊടുത്ത വി എസും നിലവില്‍ പ്രതിപക്ഷത്തുതന്നെ. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ചേര്‍ന്ന സി പി എം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ കാര്യമായ ചര്‍ച്ചവരെ നടന്നില്ല. ഔദ്യോഗിക പക്ഷത്തെ പേടിച്ച് വി എസിനെ അനുകൂലിച്ച് ആരുംതന്നെ മുന്നോട്ട് വരാത്തതോടെ വി എസ് എതിര്‍ശബ്ദം ഒന്നും ഉയര്‍ത്താതെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. ഇതോടെ മനസില്‍ എല്ലാം അടക്കിപ്പിടിച്ച് വി എസ് മടങ്ങി. എന്നാല്‍ സ്ഥാനങ്ങളൊന്നും ഇല്ലാതെ വെറുതെ ഇരിക്കുന്ന വി എസ് അപകടകാരിയാണെന്ന് പാര്‍ട്ടി നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. ഇത് മുന്‍‌കൂട്ടി കണ്ടാണ് വി എസിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് യെച്ചൂരി പറഞ്ഞത്. എന്നാല്‍ വി എസ് ഇതിന് വഴങ്ങില്ലെന്ന് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് താമസിക്കുന്ന കന്റോണ്‍‌മെന്റ് ഹൌസ് ഇതുവരെ ഒഴിയാന്‍ വി എസ് തയ്യാറാകാത്തത് പിണറായിക്കുള്ള സൂചനയാണെന്നാണ് ഫേസ്ബുക്ക് ട്രോളര്‍മാരുടെ അഭിപ്രായം.

നിയമസഭയില്‍ ആദ്യമായി അക്കൌണ്ട് തുറന്ന ബി ജെ പിയാണ് ഭരണപക്ഷത്തിന്റെ അടുത്ത വെല്ലുവിളി. എന്നാല്‍, നിയമസഭയില്‍ ഇരിക്കുന്ന ഒ രാജഗോപാലിനേക്കാള്‍ പുറത്തുള്ള ബി ജെ പി നേതൃത്വമായിരിക്കും കൂടുതല്‍ അപകടകാരികള്‍. ഇങ്ങനെ പി സി ജോര്‍ജും വി‌എസും ബി ജെ പിയും പ്രതിപക്ഷത്ത് അണിനിരക്കുന്നതോടെ പിണറായിക്ക് കര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :