മാണി കോണ്‍ഗ്രസ് പിളരുമെന്ന് ഉറപ്പായി, ജോസഫ് വിഭാഗം യു‌ഡി‌എഫിലേക്ക്

K M Mani, Kerala Congress, P J Joseph, Oommenchandy, Jose K Mani, Mons, കെ എം മാണി, കേരള കോണ്‍ഗ്രസ്, പി ജെ ജോസഫ്, ഉമ്മന്‍‌ചാണ്ടി, ജോസ് കെ മാണി, മോന്‍സ്
തിരുവനന്തപുരം| ജോണ്‍ കെ ഏലിയാസ്| Last Updated: തിങ്കള്‍, 8 മെയ് 2017 (10:21 IST)
കേരള കോണ്‍ഗ്രസ് (എം) വീണ്ടും ഒരു പിളര്‍പ്പിലേക്കാണ് പോകുന്നതെന്ന് ഏതാണ്ട് ഉറപ്പായി. ജോസഫ് വിഭാഗം പാര്‍ട്ടി പിളര്‍ത്തി യു ഡി എഫിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ കൂടിയാലോചനകള്‍ അണിയറയില്‍ നടക്കുകയാണ്. തിങ്കളാഴ്ച രാത്രി ചേരുന്ന നിര്‍ണായക പാര്‍ലമെന്‍ററി യോഗത്തില്‍ നിന്ന് ജോസഫും കൂട്ടരും വിട്ടുനിന്നേക്കുമെന്നും അറിയുന്നു.

ജോസഫ് വിഭാഗം നേതാക്കളുമായി യു ഡി എഫിലെ പ്രമുഖര്‍ നിരന്തരസമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല, കെ സി ജോസഫ്, കെ മുരളീധരന്‍ തുടങ്ങിയവര്‍ ജോസഫ് വിഭാഗവുമായി ചര്‍ച്ചകള്‍ സജീവമാക്കിയതായും സൂചനകള്‍ ലഭിക്കുന്നു.

മാണി കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് ജോസഫ് വിഭാഗം യു ഡി എഫിലേക്ക് പോയാല്‍ അത് കെ എം മാണിക്ക് വലിയ തിരിച്ചടിയായിരിക്കും. ഒരു കാരണവശാലും ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിക്കാനാവില്ല എന്ന നിലപാടിലേക്ക് പി ജെ ജോസഫും കൂട്ടരും എത്തിയിരിക്കുന്നു.

മാണിക്ക് ഒരിക്കലും സ്വീകാര്യമാകാത്ത ചില നിബന്ധനകള്‍ ജോസഫ് ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്. അതിലൊന്ന് സി പി എം പിന്തുണയോടെ ലഭിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുക എന്നതാണ്. മാണി വിഭാഗത്തിന് അത് സ്വീകര്യമല്ല. പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാട് പി ജെ ജോസഫും സ്വീകരിക്കുമെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :