ചേകന്നൂരിന്‍റെ തിരോധാനം:14 വര്‍ഷം കഴിയുന്നു

ചേകന്നൂര്‍ മൗലവിയെ 1993 ജൂലൈ 29നാണ് കാണാതായത്

chekannor maulavi
FILEFILE
എടപ്പാള്‍: വിവാദപുരുഷനായ ചേകന്നൂര്‍ മൗലവിയെ കാണാതായിട്ട് 2007, ജൂലൈ 29 ന് 14 വര്‍ഷം തികയുന്നു. മൗലവി തിരോധാന കേസ് വഴിത്തിരിവിലെത്തിയതും വ്യാഴവട്ടം തികയുന്ന ദിനത്തിനോടടുത്തായിരുന്നു.

മൗലവിയെ കൊന്നതാണെന്ന് കേസന്വേഷിയ്ക്കുന്ന സി.ബി.ഐയ്ക്ക് ബോധ്യമായിട്ടുണ്ട്. പിടിയിലായ പ്രതികളും കുറ്റസമ്മതം നടത്തിക്കഴിഞ്ഞു.

എന്നാലും മൗലവിയുടെ ഭൗതികശരീരം മറവ് ചെയ്തസ്ഥലം കണ്ടെത്താന്‍ കഴിയാത്തതും പ്രതികളെ സഹായിക്കുമെന്ന് ആരോപണമുണ്ട്. പ്രതികള്‍ക്ക് എതിരായ സാഹചര്യ തെളിവുകള്‍ വിചാരണയില്‍ ഉയര്‍ത്തി കുറ്റക്കാരെ ശിക്ഷിക്കാനാകുമെന്നാണ് സി.ബി.ഐ. പറയുന്നത്.

മുസ്ളീം മതപണ്ഡിതനായ മൗലവി അറിയപ്പെട്ട മത പ്രഭാഷകനായിരുന്നു. മുസ്ളീം മതത്തിലെ തെറ്റുകള്‍ ചൂണ്ടികാണിയ്ക്കാന്‍ പലപ്പോഴും മുന്നില്‍ നിന്നിട്ടുള്ള മൗലവിയ്ക്ക് അതുകൊണ്ട് തന്നെ ശത്രുക്കളേറെയായിരുന്നു.

ആശയപ്രചാരണത്തിന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ആരംഭിച്ച ചേകന്നൂര്‍ മുഹമ്മദ് അബ്ദുല്‍ ഹസന്‍ മൗലവി എന്ന ചേകന്നൂര്‍ മൗലവിയെ 1993 ജൂലൈ 29നാണ് കാണാതായത്.

അന്ന് രാത്രി 8.30ന് എടപ്പാളിനടുത്ത കാവില്‍പ്പടിയിലെ വസതിയില്‍ നിന്ന് ചിലര്‍ മൗലവിയെ മതപ്രഭാഷണത്തിനായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 10 വര്‍ഷത്തിനു ശേഷം സി.ബി.ഐ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്പത് പ്രതികളും പിടിയിലായി. എങ്കിലും മൗലവിയുടെ വധത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തു വന്നിട്ടില്ല.

മൗലവിയെ കാണാതായത് സംബന്ധിച്ച ലോക്കല്‍ പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ 1993 ഓഗസ്റ്റ് 16ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

അഡീഷണല്‍ ഡി.ജി.പി സത്താര്‍ കുഞ്ഞിന്‍റെ നേതൃത്വത്തില്‍ അന്വേഷണം എട്ടു മാസം പിന്നിട്ടിട്ടും പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി കേസ് സി.ബി.ഐക്ക് കൈമാറി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :