കൌമാരം മൊബൈലില്‍ ആത്മഹത്യ ചെയ്യുന്നു!

ജോയ്സ് ജോയ്

PRD
മൊബൈലുമായി സ്കൂളില്‍ വരുന്നത് ക്ലാസ്സില്ലാത്തപ്പോള്‍ പാട്ടു കേള്‍ക്കാനാണെന്നാണ് ചില വില്ലന്‍ വിദ്യാര്‍ത്ഥികളുടെ ന്യായം. നമ്മുടെ സ്കൂളുകളില്‍ ഒരു അധ്യാപകന്‍ വന്നില്ലെങ്കില്‍ പകരം എത്തിയിരിക്കുന്ന അധ്യാപകന്‍ ക്ലാസെടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പതിവൊന്നും ഇല്ലെന്നാണ് അതിനര്‍ത്ഥം. ഇനി അധ്യാപകന്‍ വന്നില്ലെങ്കില്‍ തന്നെ കുട്ടികള്‍ക്ക് മൈതാനത്ത് ഇറങ്ങി കളിച്ചുകൂടേ, അല്ലെങ്കില്‍ പഠിപ്പിച്ചു തീര്‍ത്ത പാഠഭാഗങ്ങള്‍ പഠിച്ചു കൂടേ? അതിലും വലുതാണോ നമ്മുടെ കുട്ടികള്‍ക്ക് സഹപാഠിയുടെ രഹസ്യദൃശ്യങ്ങള്‍.

മൊബൈല്‍ ദുരന്തം കേരളത്തില്‍ ഇതാദ്യമല്ല. 2008 നവംബറില്‍ അമ്പലപ്പുഴയില്‍ സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തത് മലയാള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. സഹപാഠിയായ ആണ്‍കുട്ടിയുടെ മൊബൈലില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നല്‍കുമെന്നുള്ള ബ്ലാക്ക് മെയിലിങ്ങിലാണ് ഈ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞത്.

2009 മാര്‍ച്ചില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ കൃത്രിമമായി നിര്‍മ്മിച്ച അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്ന ഭീഷണി ഭയന്ന്‌ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിരുന്നു. സ്കൂളില്‍ വെച്ചായിരുന്നു ഈ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. ഇവിടെയും പ്രതിസ്ഥാനത്ത് ചില സഹപാഠികളായിരുന്നു. മോര്‍ഫിങ്‌ നടത്തിയ ചിത്രം പ്രചരിപ്പിക്കുമെന്ന്‌ സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതാണ് കാരണം. മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ടതായി ചിലര്‍ പറഞ്ഞതോടെയാണ്‌ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതത്രേ.

മൊബൈല്‍ ക്യാമറയിലും ഇന്‍റര്‍നെറ്റിലും ചിത്രം വരുത്തുമെന്ന്‌ പറഞ്ഞ്‌ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ സ്‌കൂളിനടുത്ത കടയിലെ ജീവനക്കാരിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഈ സ്‌ത്രീയായിരുന്നു അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി കുട്ടിയോട്‌ പറഞ്ഞത്‌.

പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിഷേധിച്ചാല്‍ പെണ്‍കുട്ടിയുടെ അശ്ലീല വെബ്സൈറ്റ് നിര്‍മ്മിക്കുന്ന മലയാളികളുമുണ്ട്. 2008 ആദ്യം ബാംഗ്ലൂരിലായിരുന്നു ഇത്തരത്തിലുള്ള കേസ് ഉണ്ടായത്. സംസ്ഥാനത്തെ ആദ്യ ‘സൈബര്‍ സ്റ്റാക്കിംഗ്’ കേസായിരുന്നു ഇത്. സംഭവത്തില്‍ പ്രതിസ്ഥാനത്ത് വന്നത് എറണാകുളം സ്വദേശിയായിരുന്ന പ്രിന്‍സ് ജോര്‍ജ് ആണ്. 21 വയസ്സ് മാത്രമുണ്ടായിരുന്ന ഇയാള്‍ ബാംഗ്ലൂര്‍ നിവാസിനിയായ വിദ്യാര്‍ഥിനിയോട് വിവാഹാഭ്യര്‍ഥന നടത്തി പരാജയപ്പെട്ടതിനെ തുടര്‍ന്ന് അശ്ലീല വെബ്സൈറ്റ് നിര്‍മിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്‍റര്‍നെറ്റിലൂടെ വ്യാപകമായി കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ചുരിദാറിന്‍റെ ഷാള്‍ അല്പമൊന്നു സ്ഥാനം തെറ്റിയാല്‍ സാരിത്തലപ്പ് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു മാറിയാല്‍ ഒളിഞ്ഞു നോക്കുകയും കമന്‍റ് അടിക്കുകയും ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ യുവാക്കള്‍ തരം താണിരിക്കുകയാണ്. എല്ലാവരുമല്ല എങ്കിലും! ക്യാമറയുള്ള മൊബല്‍ ഫോണ്‍ രംഗത്തു വന്നതോടെ ഇത്തരം നിമിഷ ദൃശ്യങ്ങളെ സ്വന്തം മൊബൈലിലാക്കി ബ്ലൂടൂത്തിലൂടെ കൂട്ടുകാരുടെ മൊബൈലിലെത്തിക്കാന്‍ ഓരോരുത്തരും മത്സരമാണ്. അവന്‍റെ അമ്മയും പെങ്ങളുമല്ലാത്ത ആരുടെയും അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിക്കാമെന്ന രീതിയിലേക്ക് മലയാളിയുവത്വം മാനസികമായി ‘തളര്‍ന്നിരിക്കുന്നു’. സ്വന്തമെന്നുള്ള ആരുടെയെങ്കിലും തുണ്ടു പടങ്ങള്‍ വന്നാല്‍ ഇവര്‍ വേദനിക്കുകയും ചെയ്യും.

ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന പല പെണ്‍കുട്ടികളും പരാതികള്‍ നല്കാനും ഭയപ്പെടുന്നുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകാനും പരാതി നല്കാനും മടിയുള്ളവര്‍ക്ക് ഓണ്‍ലൈനായി പരാതി നല്കാന്‍ നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഇന്‍റര്‍നെറ്റ് വഴി പൊലീസിനു പരാതി നല്കാവുന്ന ക്യാപ്സ് എന്ന കമ്പ്യൂട്ടര്‍ എയ്ഡഡ് പൊലീസ് സര്‍വ്വീസ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നിലവില്‍ വന്നിരുന്നു. ഇത്തരം കേസുകളില്‍ ഇന്‍റര്‍നെറ്റിലൂടെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയുന്ന ആദ്യസംസ്ഥാനമെന്ന പദവിയും കേരളത്തിന്‌ സ്വന്തമായിരുന്നു.

ചെന്നൈ| WEBDUNIA|
പലപ്പോഴും പെണ്‍കുട്ടികളും ഇത്തരം കേസുകളുടെ പ്രതിസ്ഥാ‍നത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ ഡ്രസ്സ് മാറുന്ന കൂട്ടുകാരിയുടെ രഹസ്യ ഭാഗങ്ങളും മറ്റും ചില തല്പര കക്ഷികള്‍ക്കായി(അതു കാമികനാകാം ബോയ് ഫ്രണ്ട് ആകാം) ഇവര്‍ മൊബൈലിലേക്ക് പകര്‍ത്തുകയും കൈമാറുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ‘ഡിലീറ്റ്’ ചെയ്യാമെടീ എന്ന പ്രസ്താവനയുമായി കൂട്ടുകാരിയെ കെണിയില്‍പ്പെടുത്തുന്ന വമ്പത്തികളുമുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഇത്തരം ഞരമ്പു രോഗികളെ കൈകാര്യം ചെയ്യാന്‍ നമ്മുടെ സര്‍ക്കാരിനും ജുഡീഷ്യറിക്കും കഴിയണം. എങ്കില്‍ മാത്രമേ ഇത്തരം കാമകോമാളിത്തരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയുകയുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :