അഭയക്കേസ്: മാധ്യമങ്ങള്‍ പറഞ്ഞതുതന്നെ ശരി!

ജോണ്‍ കെ ഏലിയാസ്

Abhaya case
WEBDUNIA|
PRO
PRO
അഭയക്കേസില്‍ ഫാദര്‍ കോട്ടൂരും ഫാദര്‍ പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് ഒളിഞ്ഞും തെളിഞ്ഞും കേരളത്തിലെ മാധ്യമങ്ങള്‍ എഴുതിയിരുന്നു. അപ്പോഴെല്ലാം, നിരപരാധികളായ രണ്ട് അച്ചന്മാരെയും ഒരു കന്യാസ്ത്രീയെയും കുറ്റക്കാരായി ചിത്രീകരിക്കുന്നത് അധാര്‍മികമാണെന്നാണ് ക്രിസ്ത്യന്‍ സഭ പറഞ്ഞത്. ക്രിസ്ത്യന്‍ സഭയ്ക്കെതിരെ ചെളി വാരിയെറിയുന്ന മാധ്യസിന്‍‌ഡിക്കേറ്റ് ഉണ്ടെന്നുവരെ പല പിതാക്കന്മാരും പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ പറഞ്ഞതുതന്നെയാണ് ശരിയെന്ന് തിങ്കളാഴ്ച പുറത്തുവന്ന നാര്‍ക്കോ സിഡികളിലെ ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

സിസ്റ്റര്‍ എന്ന 21 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം 1992 മാര്‍ച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍‌വെന്റ് കിണറ്റില്‍ കണ്ടെത്തിയതാണ് സിസ്റ്റര്‍ അഭയ കൊലക്കേസിന് ആധാരമായ സംഭവം. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കലാലയത്തില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ത്ഥിനിയായിരുന്നു.

അഭയയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും അതിനാല്‍ ആത്മഹത്യചെയ്തുവെന്നുമാണ് ചില സ്ഥാപിത താല്‍‌പര്യക്കാര്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ കേസിന്റെ ദുരൂഹതകളെ പറ്റി ചുഴിഞ്ഞന്വേഷിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദ്ദമുണ്ടായി. തുടര്‍ന്ന് ക്രൈംബ്രാഞ്ചും പിന്നീട് സി‌ബി‌ഐയും കേസ് ഏറ്റെടുത്തു. കേസിന്‍റെ തുടക്കം മുതല്‍ അകത്തുനിന്നും പുറത്തുനിന്നും ചില ശക്തികള്‍ കേസിന്‍റെ ഗതിമാറ്റിവിടാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമങ്ങള്‍ ഉണ്ടായി. തെളിവുകളില്ലാത്ത അഭയക്കേസ് അന്വേഷിച്ചാല്‍ ഒന്നും തെളിയില്ല എന്നുപറഞ്ഞ് സിബിഐ കേസ് ഇട്ടെറിഞ്ഞ് പോകാന്‍ പോലും ഒരുങ്ങി.

മുട്ടുന്യായങ്ങള്‍ ഊന്നി കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പൊഴൊക്കെ മാധ്യമങ്ങള്‍ ജാഗ്രത പാലിച്ചു. ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ തിരുത്തിയതും ഇന്‍ക്വസ്റ്റിലെ സാക്ഷികളുടെ കള്ളയൊപ്പും മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്‌ത്രങ്ങളുടെ കാര്യത്തില്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെ മൊഴിയും മറ്റും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവന്ന് കേരളത്തിലെ മാധ്യമങ്ങള്‍ ‘ജനാധിപത്യ രാഷ്ട്രത്തിലെ നാലാം തൂണ്‍’ തന്നെയാണ് തങ്ങളെന്ന് സ്ഥാപിച്ചു. കേസിലെ മാധ്യമ ഇടപെടലിനെ പറ്റി ഒരു ജസ്റ്റിസ് വിമര്‍ശിക്കുക പോലും ഉണ്ടായി. എങ്കിലും അഭയക്കേസിന്റെ കാര്യത്തില്‍ മാധ്യമങ്ങളുടെ നിതാന്ത ജാഗ്രത തുടര്‍ന്നു.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കോട്ടൂരിനെയും പൂതൃക്കയിലെയും സെഫിയെയും കോടതി ശിക്ഷിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെങ്കിലും മാധ്യമങ്ങള്‍ അഭയക്കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഇപ്പോള്‍ പുറത്തുവിട്ട നാര്‍ക്കോ സിഡി സാക്‌ഷ്യം പറയുന്നു.

നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അഭയ കൊല്ലപ്പെട്ടതാണെന്ന്‌ ഫാദര്‍ ജോസ്‌ പൂതൃക്കയില്‍ വെളിപ്പെടുത്തുന്ന ദൃശ്യമാണ് സിഡിയിലുള്ളത്. കോടാലി ഉപയോഗിച്ച്‌ അഭയയെ അടിച്ച ശേഷം താനും കോട്ടൂരും ചേര്‍ന്ന്‌ അഭയയെ കിണറ്റിലേക്ക്‌ തള്ളിയതായും പുതൃക്കയില്‍ പറഞ്ഞിരിക്കുന്നു. അഭയ കൊല്ലപ്പെട്ട ദിവസം വൈദികര്‍ക്ക് വാതില്‍ തുറന്ന് കൊടുത്തത് താനാണെന്ന് സെഫി വെളിപ്പെടുത്തുന്നതും സിഡിയിലുണ്ട്. ഫാദര്‍ കോട്ടൂര്‍, പൂതൃക്കയില്‍ എന്നിവരുമായി പ്രേമബന്ധം ഉണ്ടായിരുന്നുവെന്നും സെഫി പറഞ്ഞിരിക്കുന്നു.

അഭയക്കേസ് കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ചില സ്ഥാപിത താല്‍‌പര്യക്കാര്‍ പറഞ്ഞ ‘മാധ്യമ സിന്‍ഡിക്കേറ്റ്’, ‘മാധ്യമങ്ങള്‍ പൊലീസുചമയല്‍’ തുടങ്ങിയ ചര്‍വിതചര്‍വണങ്ങളാണ് പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. ഇടതുമുന്നണിയെ കുടുക്കാനായി നടക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റ് നിലവിലുണ്ടെന്നും പോള്‍ വധത്തെ പറ്റി ഈ സിന്‍ഡിക്കേറ്റ് പച്ചക്കള്ളമാണ് എഴുതിവിടുന്നതെന്നും പിണറായി വിജയന്‍ പറയുകയുണ്ടായി. അഭയക്കേസില്‍ മാധ്യമങ്ങള്‍ കാണിച്ച നിതാന്ത ജാഗ്രത പോള്‍ വധക്കേസിലും പുലര്‍ത്തിയാല്‍ സത്യം പുറത്തുവരും, ഇന്നല്ലെങ്കില്‍ നാളെ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :