വെബ്‌ദുനിയയ്ക്ക് പതിനെട്ടാം പറന്നാള്‍ !

വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (20:05 IST)

Webdunia, Malayalam, Malayalam Webdunia, Portal, Language, Web Reporter, വെബ്‌ദുനിയ, മലയാളം, മലയാളം വെബ്‌ദുനിയ, പോര്‍ട്ടല്‍, ഭാഷ, വെബ് റിപ്പോര്‍ട്ടര്‍

ഇന്ത്യയില്‍ ഭാഷാ പോര്‍ട്ടല്‍ എന്ന വമ്പന്‍ ആശയം പ്രാവര്‍ത്തികമാക്കി നെറ്റ് ഉപയോക്താക്കളുടെ മനസ്സില്‍ ഇടം തേടിയ വെബ്ദുനിയ പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1999 സെപ്റ്റംബര്‍ 23ന് ആണ് വെബ്‌ദുനിയ ഭാഷാ ഇന്റര്‍നെറ്റ് ലോകത്തിന്റെ കവാടം തുറന്നത്. അന്ന്, പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാള്‍ ആണ് വെബ്‌ദുനിയ പോര്‍ട്ടല്‍ കുടുംബത്തിലെ ആദ്യ സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 
 
ലോകത്തിലെ ഏറ്റവുമാദ്യത്തെ ഹിന്ദി പോര്‍ട്ടല്‍ അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ വെബ്‌ദുനിയ പിന്നീട് മലയാളമടക്കമുള്ള ഒമ്പത് ഇന്ത്യന്‍ ഭാഷകളിലും പോര്‍ട്ടല്‍ ആരംഭിച്ചു. ഉത്തരേന്ത്യയിലെ പ്രസിദ്ധ ദിനപ്പത്രമായ നയിദുനിയ കുടുംബത്തിലാണ് വെബ്‌ദുനിയയുടെയും ജനനം. നയിദുനിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ വിനയ് ഛജ്‌ലാനിയാണ് വെബ്‌ദുനിയ സ്ഥാപിച്ചത്.
 
അടുത്ത വര്‍ഷം തന്നെ തമിഴിലും മലയാളത്തിലും പോര്‍ട്ടല്‍ ആരംഭിച്ച വെബ്‌ദുനിയ പിന്നീട് ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയിലേക്കും തിരിയുകയുണ്ടായി. പോര്‍ട്ടലുകളിലൂടെ വാര്‍ത്തയും സാഹിത്യവും സിനിമയും മറ്റും കൊടുക്കുന്നതിനോടൊപ്പം, ഇന്ത്യന്‍ ഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന സാങ്കേതികതകളും വെബ്‌ദുനിയ പരിചയപ്പെടുത്തി. വെബ്‌ദുനിയ എന്ന മാതൃ പോര്‍ട്ടലിന്‍റെ ഉപഭാഷാ പോര്‍ട്ടലുകളായി വെബ്‌ലോകവും വെബ്‌ഉലകവും വെബ്‌പ്രപഞ്ചവുമെല്ലാം മാറി. ഇത് വെബ്‌ദുനിയയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ സഹായകമാവുകയും ചെയ്തു.
 
ഇന്ത്യന്‍ ഭാഷകളില്‍ യൂണിക്കോഡ് വിപ്ലവം രചിക്കാന്‍ വെബ്‌ദുനിയ മുന്‍‌പന്തിയില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഫോണ്ടുകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന പോര്‍ട്ടലുകള്‍ എല്ലാം തന്നെ യൂണിക്കോഡിലേക്ക് മാറ്റി വെബ്‌ദുനിയയുടെ പുതിയ സാങ്കേതികതയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. നെറ്റിലെയും മൊബൈലിലെയും ഭാഷാ കണ്ടന്റ് സമ്പന്നതയ്ക്കും വെബ്‌ദുനിയ തനത് സംഭാവനകള്‍ നല്‍‌കിയിട്ടുണ്ട്. 
 
സമ്പൂര്‍ണമായ വായനാനുഭവം നല്‍കാനാണ് വെബ്‌ദുനിയയുടെ പോര്‍ട്ടലുകള്‍ എപ്പോഴും ശ്രമിക്കുന്നത്. വാര്‍ത്തകള്‍ മാത്രമല്ല. വിനോദത്തിനും ആരോഗ്യത്തിനും ആത്മീയതയ്ക്കും വെബ്‌ദുനിയ പോര്‍ട്ടലുകള്‍ പ്രാധാന്യം നല്‍കുന്നു. കായികം, ബിസിനസ്, സാഹിത്യം, പരിസ്ഥിതി, പ്രവാസി, വിദ്യാഭ്യാസം, സ്ത്രീ, പാചകം എന്നിവയുടെ ഏറ്റവും മികച്ച പേജുകള്‍ വെബ്‌ദുനിയ പോര്‍ട്ടലുകളിലുണ്ട്.  
 
ടൂറിസം, ഫലിതം, മൊബൈല്‍, ഓട്ടോമൊബൈല്‍, ഫോട്ടോ ഗാലറി, വീഡിയോ അഭിമുഖങ്ങള്‍, വീഡിയോ ഗാലറി തുടങ്ങി അനേകം വിഭവങ്ങള്‍ വെബ്‌ദുനിയയുടെ സവിശേഷതയാണ്. ജ്യോതിഷത്തിന്‍റെ വലിയ ഒരു ലോകം വെബ്‌ദുനിയ തുറന്നിട്ടിരിക്കുന്നു. ജാതകം, ദിവസ-മാസ-വര്‍ഷ ഫലങ്ങള്‍, പ്രവചനം, വാസ്തു തുടങ്ങി ആത്മീയപരമായ എല്ലാ അന്വേഷണങ്ങള്‍ക്കും വെബ്‌ദുനിയ ഉത്തരം നല്‍കുന്നു.
 
ഭാഷാ പോര്‍ട്ടലുകളിലൂടെ ആദ്യമായി ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം, ഉപയോക്താക്കള്‍ ചോദ്യം ചോദിക്കുകയും ഉത്തരം നല്‍കുകയും ചെയ്യാവുന്ന ക്വസ്റ്റ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്, ഭാഷാ ഗെയിമുകള്‍ സൌജന്യമായി നല്‍കുന്ന ഗെയിം സൈറ്റ്, അറിവിനൊപ്പം വിനോദം എന്ന കാഴ്ചപ്പാടിലൂന്നിയ ക്വിസ്, സൌജന്യമായി പരസ്യം ചെയ്യാവുന്ന ക്ലാസിഫൈഡ്‌സ്, ഇന്ത്യന്‍ ഭാഷകളില്‍ ആശംസാകാര്‍ഡുകള്‍ നല്‍കുന്ന ഗ്രീറ്റിംഗ്സ്, ഭാഷാ മെയില്‍, വാര്‍ത്തകള്‍ നഗരാടിസ്ഥാനത്തില്‍ അഗ്രഗേറ്റുചെയ്യുന്ന രീതി ഇവയൊക്കെ ഉപയോക്താക്കള്‍ക്ക് വെബ്‌ദുനിയ നല്‍കിയ സംഭാവനകളാണ്.
 
ഇംഗ്ലീഷില്‍ മാത്രം മെയില്‍ സംവിധാനം ഉണ്ടായിരുന്ന കാലത്താണ് വെബ്‌ദുനിയ പ്രാദേശിക ഭാഷകളില്‍ മെയില്‍ സംവിധാനം എന്ന രീതി പരീക്ഷിച്ചത്. വെബ്‌ദുനിയയുടെ എല്ലാ പോര്‍ട്ടലുകളിലും ഇത് വലിയ വിജയമായി മാറി. ഇ-കത്ത് സംവിധാനം പ്രാദേശിക ഭാഷകളില്‍ ടൈപ്പിംഗ് അറിയാത്ത സാധാരണ ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ടെക്‍നോളജിയിലാണ് അവതരിപ്പിച്ചത്. അത് വളരെ ജനകീയമായി മാറുകയും ചെയ്തു. 
 
വെബ്‌ദുനിയയുടെ പ്രാദേശിക ഭാഷകളിലുള്ള സെര്‍ച്ച് എഞ്ചിന്‍ ഏറ്റവും വലിയ പുതുമയായിരുന്നു. മലയാളത്തിലോ ഇതര ഭാഷകളിലോ ഇന്‍റര്‍‌നെറ്റില്‍ തിരയല്‍ സംവിധാനം ഇല്ലാതിരുന്ന കാലത്ത് നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറ്റവും വലിയ സൌകര്യമായത് വെബ്‌ദുനിയയുടെ സെര്‍ച്ച് എഞ്ചിനായിരുന്നു. വെബ്‌ദുനിയ ചാറ്റിംഗ് പ്ലാറ്റ്ഫോമും ഏറെ ഫലപ്രദമായ ഒരു സൌകര്യമായിരുന്നു. ഇന്‍റര്‍നെറ്റ് ലോകത്ത് വെബ്‌ദുനിയ പരിചയപ്പെടുത്തിയ ആ സൌകര്യത്തിന്‍റെ അഡ്വാന്‍സ്ഡായിട്ടുള്ള പതിപ്പുകളിലൂടെയാണ് ഇന്ന് ലോകം പരസ്പരം സംവദിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ഓണ്‍‌ലൈന്‍ ഷോപ്പിംഗിന്‍റെ ആദ്യമാതൃകയും വെബ്‌ദുനിയയുടേതാണ്. രക്ഷാബന്ധന്‍ പോലെയുള്ള വിശേഷാവസരങ്ങളില്‍ ഉപയോക്താക്കള്‍ ഈ സൌകര്യം പ്രയോജനപ്പെടുത്തി.
 
ഓണ്‍ലൈന്‍ മാധ്യമരംഗത്തുണ്ടായ പല വലിയ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചത് വെബ്‌ദുനിയയാണ്. ഓണ്‍ലൈന്‍ വീഡിയോ ന്യൂസും വെബ് എഡിറ്റോറിയലും സിനിമാ നിരൂപണവും എല്ലാം വെബ്‌ദുനിയ തുടങ്ങിവച്ചു. ഇപ്പോള്‍ ഞങ്ങളുടെ മൊബൈല്‍ ആപ്പ് ആയ വെബ് റിപ്പോര്‍ട്ടര്‍ ജനങ്ങളുമായി സംവദിക്കുകയാണ്. ഉപയോക്താക്കളും പോര്‍ട്ടലും തമ്മിലുള്ള ഒരു കൊടുക്കല്‍ വാങ്ങലാണ് ആ ആശയം. വെബ്‌ റിപ്പോര്‍ട്ടറില്‍ വീഡിയോകളും വാര്‍ത്തകളുമെല്ലാം ജനങ്ങളോട് ചേര്‍ന്നുതന്നെ. 
 
മലയാളം ഡോട്ട് വെബ്ദുനിയ ഡോട്ട് കോം
 
2000ലെ കേരളപ്പിറവി ദിനത്തിലാണ് വെബ്‌ദുനിയ ഡോട്ട് കോമിന്‍റെ മലയാളം എഡിഷനായി മലയാളം വെബ്‌ദുനിയ പിറന്നത്. അന്ന് ‘വെബ്‌ലോകം ഡോട്ട് കോം’ എന്ന പേരിലുള്ള ഭാഷാ പോര്‍ട്ടലായിരുന്നു. എന്നാല്‍, 2007 ജൂലൈ മുതല്‍ വെബ്‌ലോകം വെബ്ദുനിയ കുടുബത്തിലെ മറ്റ് എട്ട് ഭാഷാ പോര്‍ട്ടലുകള്‍ക്കൊപ്പം യൂണിക്കോഡ് രൂപമാറ്റം സ്വീകരിച്ച് മലയാളം ഡോട്ട് വെബ്ദുനിയ ഡോട്ട് കോം എന്ന പേര് സ്വീകരിച്ചു.
 
മലയാളം വെബ്‌ദുനിയ ലോകത്തിലെ ഏറ്റവും മികച്ച മലയാളം പോര്‍ട്ടലായി മാറിക്കഴിഞ്ഞു. പില്‍ക്കാലത്ത് വന്‍‌കിട പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ പോര്‍ട്ടലുകളായി മാറി ആധിപത്യം ഉറപ്പിച്ചപ്പോഴും ലോകമെമ്പാടുമുള്ള മലയാളികള്‍ വെബ്‌ദുനിയയുടെ മലയാളം പോര്‍ട്ടലിനെ കൈവിട്ടില്ല. വെബ് താളുകള്‍ക്ക് കാലാനുസൃത മാറ്റം വരുത്തുന്നതില്‍ ഞങ്ങള്‍ എന്നും മുന്‍‌പന്തിയില്‍ തന്നെയാണ്.
 
ഇന്റര്‍നെറ്റ് മേഖലയില്‍ വന്ന കാതലായ മാറ്റങ്ങള്‍ സ്വാംശീകരിക്കാനും ഒപ്പം അവ മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് പങ്കുവയ്ക്കാനും ഞങ്ങള്‍ മറന്നില്ല. അഭിപ്രായങ്ങള്‍ പറയാനുള്ള ഡിസ്കഷന്‍ ഫോറം കൂടുതല്‍ ഫലപ്രദമാക്കുകയും ഇമോട്ടിക്കോണ്‍ ഉപയോഗിച്ച് പെട്ടെന്ന് ഉള്ളടക്കത്തോടുള്ള വികാരം പ്രകടിപ്പിക്കാന്‍ സൌകര്യമുള്ള കമന്‍റ്‌ബോക്സ് സംവിധാനവും ഞങ്ങളുടെ പ്രത്യേകതയാണ്. 
 
വെബ്‌ദുനിയ നേടിയെടുത്തിരിക്കുന്ന ഈ വിജയം ഉപയോക്താക്കളുടേത് കൂടിയാണ്. അതിനാല്‍, എന്നും എപ്പോഴും ഉപയോക്താക്കളോടുള്ള കടപ്പാട് ആഴത്തിലുള്ളതായിരിക്കും. മാതൃഭാഷയോടുള്ള നിങ്ങളുടെ അളവറ്റ സ്നേഹമാണ് വെബ്‌ദുനിയയെ വഴി നടത്തിയത്, ഇന്നും മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍‌ദ്ദേശങ്ങളും ഞങ്ങള്‍ക്കെന്നും കൂട്ടായിരുന്നു. അവ തരുന്ന ശക്തിയില്‍ കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍‌കാന്‍ എന്നും ഞങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്. ഭാവിയിലും അതുണ്ടാകുമെന്ന് ഞങ്ങള്‍ ഉറപ്പുതരുന്നു, ഒപ്പം നിങ്ങളുടെ അകമഴിഞ്ഞ പങ്കാളിത്തം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
 
പിറന്നാള്‍ ആഘോഷത്തിന്‍റെ മധുരവും സന്തോഷവും ഞങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. വെബ്‌ദുനിയയുടെ യാത്രയില്‍ ഞങ്ങളോടൊപ്പം പങ്കാളിയാവാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയും ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്; ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണം

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്. ലേക് പാലസ് റിസോർട്ടുമായി ...

news

ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് മുരളീ ഗോപി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ് ...

news

നടന്‍ ജയ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; താരത്തെ അറസ്‌റ്റു ചെയ്‌തു - മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച തമിഴ്‌നടന്‍ ജയ് അറസ്‌റ്റില്‍. ജയ് ഓടിച്ചിരുന്ന ...

news

ഓണം ബമ്പര്‍ 10 കോടി അടിച്ചത് മലപ്പുറത്ത്, ആ ഭാഗ്യശാലി ഇതാ...

ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനത്തുകയായ 10 കോടി രൂപ അടിച്ചത് ...