Widgets Magazine
Widgets Magazine

സുനന്ദ പുഷ്കര്‍: അളവറ്റ സമ്പാദ്യത്തിനുടമ, ജീവിതത്തിലും മരണത്തിലും ദുരൂഹത ശേഷിച്ചു

അനില്‍ ദേവദാസ് 

തിങ്കള്‍, 14 മെയ് 2018 (17:52 IST)

Widgets Magazine
സുനന്ദ പുഷ്കര്‍, ശശി തരൂര്‍, Sunanda Pushkar, Shashi Tharoor

സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയായിരുന്നു എന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയതോടെ ആ കേസും സുനന്ദയും വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു. ആത്മഹത്യാപ്രേരണാക്കുറ്റത്തിന് ശശി തരൂരിനെതിരെ കുറ്റപത്രം നല്‍കിയ പൊലീസ് ജാമ്യം കിട്ടാത്ത വകുപ്പുകളാണ് തരൂരിന് മേല്‍ ചുമത്തിയിരിക്കുന്നത്. 
 
ജീവിതത്തിലും മരണത്തിലും ദുരൂഹത അവശേഷിപ്പിച്ച അസാധാരണത്വമാണ് സുനന്ദ പുഷ്കറിനെക്കുറിച്ച് പറയുമ്പോള്‍ ഏവരും ആദ്യം പരാമര്‍ശിക്കുന്ന ഒരു കാര്യം. സുനന്ദയുടെ പേരില്‍ കോടികളുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ ജനിച്ച് വളര്‍ന്ന സുനന്ദ ദുബായിലെ ബിസിനസ്സ് ലോകത്ത് ശക്തമായ സാന്നിദ്ധ്യമറിയിച്ചിരുന്നു. കാനഡയിലെ ഒന്റാറിയോയില്‍ അവര്‍ക്കുള്ള വസതിയുടെ മാര്‍ക്കറ്റ് വില 3.5 കോടിയാണ്. ജമ്മുവില്‍ 12 ലക്ഷം രൂപ വില വരുന്ന വസ്തുക്കളും അവരുടെ പേരിലുണ്ട്.
 
52 വയസ്സ് പ്രായമുണ്ടായിരുന്ന സുനന്ദയുടെ പേരില്‍ ദുബായില്‍ 12 അപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ട്. 93 കോടി രൂപയിലേറെ മൂല്യമാണ് ഈ വസ്തുവകകള്‍ക്ക് ഉള്ളത്. 
 
വന്‍ പുരാവസ്തു ശേഖരവും സുനന്ദയ്ക്ക് ഉണ്ടായിരുന്നു. ഹുമയൂണ്‍ കാലഘട്ടത്തിലെ ഷാളുകളും പടച്ചട്ടകളും വാളുകളും അവരുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു. ഇവയ്ക്ക് 30 ലക്ഷത്തിലേറെ വില വരും. ബാങ്ക് ഡെപ്പോസിറ്റുകളും മറ്റുമായി ഏഴ് കോടിയിലേറെ രൂപയും മരിക്കുമ്പോള്‍ അവരുടെ പേരിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ശശി തരൂരിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട് 2010ലാണ് സുനന്ദ പുഷ്കര്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഐപിഎല്ലിന്‍റെ സൌജന്യ ഓഹരികള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് തരൂരിനെയും സുനന്ദ പുഷ്കറിനെയും ചേര്‍ത്ത് വാര്‍ത്തകള്‍ വന്നത്. പിന്നീട് തരൂരിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായി. അധികം വൈകാതെ ഓഗസ്റ്റ് 22ന് ശശി തരൂരും സുനന്ദ പുഷ്കറും വിവാഹിതരായി.
 
തരൂരിന്‍റെ പാലക്കാട്ടെ കുടുംബ വീട്ടില്‍ വച്ചാണ് ഓഗസ്റ്റ് 22 ഉത്രാടം ദിനമായ ഞായറാഴ്ച രാവിലെ 8.26ന് സുനന്ദയുടെ കഴുത്തില്‍ ശശി തരൂര്‍ താലി ചാര്‍ത്തിയത്. തരൂരിന്‍റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. പിന്നീട് സന്തുഷ്ടമായ കുടുംബജീവിതമാണ് ശശി തരൂരും സുനന്ദയും നയിച്ചിരുന്നതെന്നാണ് സുനന്ദയുടെ മരണം വരെ ഏവരും കരുതിയിരുന്നത്.
 
സുനന്ദയുടെ മരണത്തിന് ശേഷം ഒട്ടേറെ അഭ്യൂഹങ്ങളും കഥകളും പ്രചരിച്ചു. അതില്‍ ചിലവ സത്യവും ആയിരുന്നു. എന്നാല്‍ ഇല്ലാക്കഥയേത്, സത്യമേത് എന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്ന് മാത്രം. സുനന്ദ പുഷ്കറിന് ഒരു മാരകരോഗം ഉണ്ടായിരുന്നു എന്നും അതില്‍ സുനന്ദ അസ്വസ്ഥയായിരുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉള്ളതായി സുനന്ദയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരുവരുടെയും ട്വിറ്റര്‍ സന്ദേശങ്ങളാണ് ഈ സൂചന നല്‍കിയത്. മെഹര്‍ തരാറുമായി തരൂരിനുള്ള അടുത്ത ബന്ധം സുനന്ദയുടെ ട്വീറ്റിലൂടെ ലോകമറിഞ്ഞു. 
 
പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാറുമായി ശശി തരൂരിന് ബന്ധമുണ്ടെന്നും മെഹര്‍ പാകിസ്ഥാന്‍ ചാരസംഘടനയുടെ ഏജന്‍റാണെന്നും സുനന്ദ പുഷ്‌കര്‍ ആരോപിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായി സുനന്ദ ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ട്വിറ്റര്‍ പ്രതികരണങ്ങള്‍ വിവാദമായതോടെ നിലപാട് തിരുത്തി സുനന്ദ പുഷ്കര്‍ രംഗത്ത് വന്നിരുന്നു. ശശി തരൂരുമായുള്ളത് സന്തുഷ്ട ജീവിതമാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു. 
 
2014 ജനുവരി 17 വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെ ചാണക്യ പുരിയിലുള്ള ലീലാ ഹോട്ടലിലെ റൂം നമ്പര്‍ 345ല്‍ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെത്തിയ ശേഷമായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ ശശി തരൂര്‍ എ ഐ സി സി സമ്മേളനത്തിനായി പുറപ്പെടുമ്പോഴും സുനന്ദ പുഷ്കര്‍ ഉറക്കത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അസുഖ ബാധിതയായതിന് ശേഷം രാവിലെ എഴുന്നേല്‍ക്കാന്‍ വൈകുന്നത് പതിവായതിനാല്‍ സുനന്ദയെ വിളിച്ചുണര്‍ത്താന്‍ തരൂര്‍ ശ്രമിച്ചില്ല എന്നാണ് വിവരം. എ ഐ സി സി സമ്മേളനം കഴിഞ്ഞ വൈകുന്നേരം അഞ്ചുമണിയോടെയാണ് ശശി തരൂര്‍ ഹോട്ടല്‍ റൂമില്‍ മടങ്ങിയെത്തിയത്.
 
മടങ്ങിയത്തിയതിന് ശേഷം സ്യൂട്ട് റൂമിലെ സ്വീകരണമുറിയില്‍ ചില ഉദ്യോഗസ്ഥരുമായി സംസാരിച്ചിരിക്കുകയായിരുന്നു തരൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സുനന്ദ ഉറങ്ങുകയാകുമെന്നാണ് തരൂര്‍ കരുതിയതെന്നാണ് വിവരം. എന്നാല്‍ രാത്രി ഒമ്പതുമണിക്ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ അക്കാര്യം പറയാനായി സുനന്ദയെ വിളിക്കുമ്പോഴാണ് അവര്‍ മരിച്ചുകിടക്കുകയാണെന്ന യാഥാര്‍ത്ഥ്യം ശശി തരൂര്‍ മനസിലാക്കിയതെന്നും അന്നത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എടപ്പാൾ പീഡനം; പൊലീസിൽ വീണ്ടും ഒത്തുകളി

മലപ്പുറത്തെ തിയറ്റർ പീഡനത്തിൽ പ്രതി മൊയ്‌തീങ്കുട്ടിക്കെതിരെ ശിശുക്ഷേമസമിതി നിർദ്ദേശിച്ച ...

news

സുനന്ദ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ഈ കണ്ടെത്തല്‍ അപഹാസ്യം: ശശി തരൂര്‍

സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തു എന്ന് ആരും വിശ്വസിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ...

news

345മത് മുറിയില്‍ ആ രാത്രിയില്‍ സംഭവിച്ചത്; വിവാദങ്ങള്‍ തുറന്നുവിട്ട് ലീലാ ഹോട്ടലും സുനന്ദ പുഷ്‌കറും!

സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ...

news

മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദ പുഷ്കര്‍ ആഹാരം കഴിച്ചിരുന്നില്ല!

മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദ പുഷ്കര്‍ ആഹാരം കഴിച്ചിരുന്നില്ലെന്നാണ് ലീല ...

Widgets Magazine Widgets Magazine Widgets Magazine