സുമീഷ് ടി ഉണ്ണീൻ|
Last Updated:
ബുധന്‍, 19 ഡിസംബര്‍ 2018 (13:20 IST)
സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം ഇന്നേ വരേ 50 വയസിന് താഴെ പ്രായം വരുന്ന സ്ത്രീകളാരും ശബരിമലയിൽ കയറിയിട്ടില്ല എന്നാണ് പൊതു സമൂഹത്തിന്റെ ധാരണ. കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ മലകയറാൻ ശ്രമിച്ച സ്ത്രീകളെല്ലാം തന്നെ മടങ്ങുകയായിരുന്നു. ചിലർ സന്നിധാനം വരെ എത്തിയ ശേഷമാണ് മടങ്ങിയത്.
എന്നാൽ ശബരിമലയിൽ സർക്കാർ സംരക്ഷണയിൽ സ്ത്രീകൾ കയറി എന്നാണ് സംസ്ഥാന വൈദ്യുതമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ‘ശബരിമലയിൽ സ്ത്രീകൾ കയറി നിങ്ങൾഇതെവിടെയാ ജീവിക്കുന്നത് എന്നായിരുന്നു‘ മന്ത്രിയുടെ പ്രതികരണം
ശബരിമലയിൽ സ്ത്രീകൾ കയറിയതിന് ഇതൊരു ഔദ്യോഗിക സ്ഥിരീകരണമായി കണക്കാക്കാമോ എന്ന ചോദ്യത്തിന് സ്വദസിദ്ധമായ ശൈലിയിൽ ‘പിന്നാല്ലാതെ‘ എന്ന മറുപടിയും വന്നു. പക്ഷേ ചോദ്യമിതാണ്. സത്യത്തിൽ ശബരിമലയിൽ സ്ത്രീകൾ കയറിയോ ? അങ്ങനെ കയറിയെങ്കിൽ മാധ്യമ പ്രവർത്തകരുടെയും പ്രതിഷേധക്കാരുടെയും കണ്ണിൽപ്പെടാതെ എപ്പോൾ സ്ത്രീകൾ ശബരിമലയിൽ കയറി ?
മന്ത്രി എം എം മണി മുൻപും തന്റെ സ്വാഭവിക ശൈലിയിൽ ഇത്താരത്തിലുള്ള പ്രസ്ഥാവന നടത്തിയിട്ടുള്ളതിനാൽ ആളുകൾ അതേ ഗൌരവത്തോടെ മാത്രമേ ഈ വെളിപ്പെടുത്തലിനെയും കണ്ടിട്ടുള്ളു. മാധ്യമ പ്രവർത്തകർ കാണാതെ കയറാം, കാരണം പ്രതിഷേധക്കാരുടെ അക്രമം രൂക്ഷമായപ്പോൾ മാധ്യമ പ്രവർത്തകർ ശബരിമലയിൽ നിന്നും മടങ്ങിയിരുന്നു. ആ ദിവസങ്ങളിൽ മാധ്യമ പ്രവർത്തകർ കണ്ടില്ലെന്നു വരാം.
പക്ഷേ സതാ സജീവമായിരുന്ന പ്രതിഷേധക്കാരുടെ തുറന്നുവച്ച മൊബൈൽ ക്യാമറാ കണ്ണുകളും, സ്വയം പൊലീസ് ചമഞ്ഞ സ്ത്രീകളുടെ നേതൃത്തിൽ ഉണ്ടായിരുന്ന ദേഹ, തിരിച്ചറിയൽ കാർഡ് പരിശോധനകളും കടന്ന് സ്ത്രീകൾ ശബരിമലയിൽ കയറിയോ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. സ്ത്രീകൾ ശബരിമലയിൽ കയറിയിട്ടില്ല എന്ന് സർക്കാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ടോ എന്നും എം എം മണി ചോദിച്ചിരുന്നു.