ആരാണ് കുമ്മനം രാജശേഖരന്‍? ട്രോളുന്നവര്‍ ആ വ്യക്തിയെ അറിയുന്നില്ല!

കുമ്മനം രാജശേഖരന്‍, മിസോറം, ബി ജെ പി, ഗവര്‍ണര്‍, അമിത് ഷാ, നരേന്ദ്രമോദി, Kummanam Rajasekharan, Mizoram, Governer, BJP, Amit Shah, Narendra Modi
ജി വൈ ഫൈസല്‍ മുഹമ്മദ്| Last Modified ശനി, 26 മെയ് 2018 (16:28 IST)
കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും സുപ്രധാനമായ ചര്‍ച്ചാവിഷയം. അര്‍ഹതയില്ലാത്ത ഒരു വ്യക്തിക്ക് സ്ഥാനം കൊടുത്ത രീതിയിലാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. എന്നാല്‍ പരമസാത്വികനായ ആ മനുഷ്യന്‍ നമ്മുടെ രാജ്യത്തെ ഭരണപരവും സംഘടനാപരവുമായ ഏത് സ്ഥാനത്തിനും യോഗ്യനാണെന്നതാണ് വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരും അറിയേണ്ടുന്ന ഒരു വസ്തുത.

കുമ്മനത്തിന്‍റെ വിദ്യാഭ്യാസയോഗ്യതയാണല്ലോ പലരുടെയും പരിഹാസവിഷയം. അത്തരം പരിഹാസശരങ്ങള്‍ ഉന്നയിക്കുന്നവര്‍ ഓര്‍ക്കേണ്ടുന്നത് അദ്ദേഹം പഠിച്ചത് ബസേലിയസ് കോളജിലും സി എം എസ് കോളജിലുമാണെന്നാണ്. ബോട്ടണിയില്‍ ബിരുദമെടുത്ത അദ്ദേഹത്തിന് ജേര്‍ണലിസത്തിലാണ് ബിരുദാനന്തരബിരുദമുള്ളതെന്നും ‘ട്രോളുന്ന’ ചാനലുകളും മാധ്യമങ്ങളും മനസിലാക്കണം.

1974ല്‍ കോട്ടയം ദീപികയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കേരളത്തിലെ ഒട്ടേറെ മാധ്യമങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി തുടങ്ങിയ പത്രങ്ങളില്‍ അദ്ദേഹം സബ് എഡിറ്ററായിരുന്നു.

മാധ്യമപ്രവര്‍ത്തനത്തിന് താല്‍ക്കാലികമായ വിരാമമിട്ടുകൊണ്ടാണ് 1976ല്‍ കുമ്മനം രാജശേഖരന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായി സ്ഥാനമേറ്റത്. ജോലിയില്‍ പ്രവേശിച്ചുകൊണ്ട് സംഘപ്രവര്‍ത്തനം തുടര്‍ന്ന കുമ്മനം പിന്നീട് 1987ല്‍ ജോലിരാജിവച്ച് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി മാറുകയായിരുന്നു.

ബാലസദനങ്ങളുടെ മേല്‍നോട്ടത്തിലൂടെയും വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയിലെ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായി ഉയര്‍ന്നു. നിലയ്ക്കല്‍ പ്രക്ഷോഭത്തിലും ആറന്‍‌മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലും നേതൃത്വം വഹിച്ചു.

ഹിന്ദു ഐക്യവേദിയുടെയും ശബരിമല അയ്യപ്പ സേവാസംഘത്തിന്‍റെയും സെക്രട്ടറിയായി. 2011ല്‍ ജന്‍‌മഭൂമി ദിനപത്രത്തിന്‍റെ ചെയര്‍മാനായ കുമ്മനം രാജശേഖരന്‍ 2015ല്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി. കുമ്മനം ബി ജെ പി അധ്യക്ഷനായതിന് ശേഷമാണ് കേരളത്തില്‍ ബി ജെ പിക്ക് വലിയ മുന്നേറ്റം നടത്താനായത്.

അവിവാഹിതനായ കുമ്മനം രാജശേഖരന്‍ സാത്വികനായ രാഷ്ട്രീയപ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ മിസോറാമിന്‍റെ ഗവര്‍ണറായി അദ്ദേഹം ചുമതലയേറ്റെടുക്കുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ഏറ്റെടുത്ത എല്ലാ ചുമതലകളും ഭംഗിയായി നിറവേറ്റിയ ഒരു പൊതുപ്രവര്‍ത്തകന് ലഭിക്കുന്ന ആദരമാണത്.

അതിനെ പുച്ഛിക്കുന്നവര്‍ കേരളത്തില്‍ വിവിധ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതകളും കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :