കുമ്മനത്തെ മിസോറമിലേക്ക് തട്ടി, അപ്പോൾ ചെങ്ങന്നൂർ വേണ്ടേ? - അമിത് ഷാ ഒന്നും അറിയാതെ കളിക്കില്ല!

എല്ലാം രഹസ്യമാക്കി വെച്ചതിന് കാരണമുണ്ട്...

അപർണ| Last Modified ശനി, 26 മെയ് 2018 (15:08 IST)
ഉപതിര‍ഞ്ഞെടുപ്പിന്റെ കലാശക്കൊട്ടാണിന്ന്. നാളെ നിശബ്ദ പ്രചരണമാ‍ണ്. ചെങ്ങന്നൂർ പിടിക്കാൻ മുന്നണികൾ മത്സരിക്കുന്നതിനിടയിലാണ് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ബിജെപി കേന്ദ്ര നേത്രത്വം ആ പ്രഖ്യാപനം നടത്തിയത്. - ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണർ ആയി നിയമിക്കുന്നുവെന്ന വാർത്ത.

ചെങ്ങന്നൂർ പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത നീക്കമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ബിജെപിയുടെ കേരളഘടകം പോലും അക്ഷരാർത്ഥത്തിൽ ഞെട്ടി.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ സംസ്ഥാന ഘടകത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ബിജെപി കേന്ദ്രനേതൃത്വം നേരത്തെ സൂചന നൽകിയിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയം നേടണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതിനാൽ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് ശക്തി അളക്കാനുള്ള അവസരവുമാണ്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ ആഞ്ഞുപിടിച്ചാൽ വിജയം ബിജെപിക്കൊപ്പം നിൽക്കാനും സാദ്ധ്യതയുണ്ട്. ഇതിനുവേണ്ടി സംസ്ഥാന നേതൃത്വം ഒന്നാകെ പരിശ്രമിക്കുന്നതിനിടെയാണ് പാർട്ടിയെ ഞെട്ടിച്ചുള്ള തീരുമാനം പുറത്തുവന്നത്. ബിജെപി ചെങ്ങന്നൂരിനെ കൈയൊഴിയുകയാണോയെന്ന് പോലും തോന്നിപ്പോകും.

എന്നാൽ, ഇനിമുതൽ കേന്ദ്രഘടകമായിരിക്കും കേരള ബിജെപിയേയും നയിക്കുകയെന്ന് വ്യക്തം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള അഴിച്ചുപണിയെക്കാൾ നല്ലത് അതിനുമുൻപാണെന്നും കേന്ദ്ര നേതൃത്വം വിശ്വസിച്ചു. ഒന്നും കാണാതെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കളിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :