അമല്‍ ഗോവിന്ദ്|
Last Modified വ്യാഴം, 15 ഫെബ്രുവരി 2018 (20:19 IST)
കെ എം മാണിയെ ഒപ്പം കൂട്ടാമെന്നുള്ള സി പി എം മോഹത്തിന് കനത്ത തിരിച്ചടി. കടുത്ത എതിര്‍പ്പുമായി
സി പി ഐ രംഗത്തെത്തിയതോടെയാണ് മാണിയുടെ ഇടതുമുന്നണി പ്രവേശം എന്ന സ്വപ്നം പൊലിയുന്നത്. മാണിയെ കൂടെ കൂട്ടിയാല്‍ ഇടതുമുന്നണിയില്‍ സി പി ഐ ഉണ്ടാവില്ല എന്ന കാനം രാജേന്ദ്രന്റെ വെല്ലുവിളി സി പി എമ്മിനെയും ആശങ്കയിലാഴ്ത്തി.
കെ എം മാണി ഇടതുമുന്നണിയിലേക്ക് വരാനുള്ള എല്ലാ സാധ്യതകളും ഇതോടെ അടയുകയാണെന്നാണ് റിപ്പോര്‍ട്ട്. സി പി ഐയെ കൈവിട്ടുകൊണ്ട് മാണിയെ ചേര്‍ത്തുപിടിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് സി പി എം നേതൃത്വവും ചിന്തിക്കുന്നു. ഭാവിയില്‍ വലിയ തിരിച്ചടിക്കും വിമര്‍ശനങ്ങള്‍ക്കും അത് കാരണമായേക്കാം.
മാണിയുടെ വഴിയടയ്ക്കാനായി സി പി ഐയും തന്ത്രപരമായ നീക്കം തന്നെയാണ് നടത്തുന്നത്. സി പി എമ്മിന്റെ ആചാര്യന്മാരില് ഒരാളായ ഇ കെ നായനാരുടെ വാക്കുകളാണ് മാണിയെ കൊണ്ടുവരുന്നത് തടയാനായി സി പി ഐ ഉപയോഗിക്കുന്നത്. “ഓനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് നായനാര്‍ പറഞ്ഞത് സി പി ഐ സ്വീകരിക്കുന്നു” എന്നാണ് കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മാണിയുടെ മുന്നണിപ്രവേശനം യാഥാര്‍ത്ഥ്യമാക്കാന്‍ സി പി എം ശ്രമിച്ചിരുന്നു. കാരണം, ചെങ്ങന്നൂരില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പാക്കാന്‍ അത് അത്യാവശ്യമാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍ ആ കാഴ്ചപ്പാടിനെയും കണക്കുകൂട്ടലിനെയും സി പി ഐ തള്ളിക്കളയുന്നു. ന്യൂനപക്ഷങ്ങളുമായുള്ള ബന്ധത്തിന് ഇടതുമുന്നണിക്ക് മധ്യസ്ഥ പ്രാര്‍ത്ഥനകളുടെ ആവശ്യമില്ലെന്നാണ് കാനം രാജേന്ദ്രന്റെ പ്രഖ്യാപനം. സി പി ഐയും സി പി എമ്മുമൊക്കെ എക്കാലവും ന്യൂനപക്ഷങ്ങളുമായി നല്ല ബന്ധത്തില്‍ തന്നെയാണെന്നും അതില്‍കൂടുതലായൊന്നും കെ എം മാണിക്ക് ചെയ്യാനാവില്ലെന്നും സി പി ഐ പറയുന്നു.
എന്തായാലും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുമ്പ് കെ എം മാണി വ്യക്തമായ ഒരു മുന്നണി രാഷ്ട്രീയത്തിലേക്ക് എത്തും. അത് യു ഡി എഫ് തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. കാരണം, മാണി മടങ്ങിവരണമെന്ന് യു ഡി എഫിലെ ഒട്ടുമിക്ക കക്ഷികളും ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമില്ലാതെ സമാനമായ ആഗ്രഹം പ്രകടിപ്പിക്കുന്നു. എതിര്‍പ്പിന്റെ കൂടാരമായ എല്‍ ഡി എഫിലേക്ക് ചെല്ലുന്നതിനേക്കാള്‍ വലതുമുന്നണിയിലെത്തുകയാണ് നല്ലതെന്ന് മാണിയും ഇപ്പോള്‍ ചിന്തിക്കുന്നു എന്നുവേണം കരുതാന്‍.
അതിന് മറ്റൊരു കാരണം കൂടിയുണ്ട്. പി ജെ ജോസഫ് വിഭാഗത്തിന് യു ഡി എഫിനൊപ്പം നില്‍ക്കുന്നതിനാണ് താല്‍പ്പര്യം. മാണി ഇടതുമുന്നണിയിലേക്ക് പോയാല്‍ പാര്‍ട്ടി പിളരാനുള്ള സാധ്യതയുണ്ട്. ജോസഫും അനുകൂലികളും യു ഡി എഫ് ക്യാമ്പിലെത്തും. മുറിഞ്ഞുവരുന്ന മാണിവിഭാഗത്തെക്കൊണ്ട് എല്‍ ഡി എഫിനും ഗുണമുണ്ടാകില്ല. അതുകൊണ്ടുതന്നെ യു ഡി എഫില്‍ തുടരുകയാണ് മാണി വിഭാഗത്തിന് നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കാനുള്ള ഏക മാര്‍ഗം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ധൃതിയില്‍ മാണിയെയും കൂട്ടരെയും മുന്നണിയിലെടുക്കുന്നതിന് സി പി എമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുയരുമെന്ന് ഉറപ്പാണ്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പ്രതിച്ഛായ മാണി ഒപ്പം വരുന്നതോടെ ഇല്ലാതാകുമെന്ന് സി പി എമ്മിലെ ഒരു വിഭാഗം കരുതുന്നു. മാണിയുടെ ബജറ്റ് തടഞ്ഞുകൊണ്ടുള്ള നിയമസഭാ പ്രക്ഷോഭം ഇടതുമുന്നണി മറന്നാലും ജനങ്ങള്‍ മറക്കില്ലെന്ന മുന്നറിയിപ്പും അവര്‍ നല്കുന്നു. അതുകൊണ്ടുതന്നെ മാണിയുടെ ഇടതുമുന്നണിപ്രവേശം എന്നത് സമീപഭാവിയിലെങ്ങും നടക്കുന്ന കാര്യമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.