തൃശൂരിൽ സുരേഷ് ഗോപി മത്സരിച്ചാൽ ബി ജെ പിക്ക് രണ്ടാംസ്ഥാനം പിടിക്കാനാകുമോ ?

Last Updated: ചൊവ്വ, 2 ഏപ്രില്‍ 2019 (14:44 IST)
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും എന്ന് പ്രഖ്യാപനം വന്നതോടെ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിപ്പിക്കാൻ എൻ ഡി എ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. താൻ തൃശൂരിൽ തന്നെ മത്സരിക്കും എന്ന് തുഷാർ നേരത്തെ വ്യക്തമാക്കിയിരുന്നു എങ്കിലും പിന്നിട് ബി ജെ പിയുടെ സമ്മർദ്ദത്തിന് വഴങ്ങി വയനാട്ടി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

വയനാട്ടിൽ രാഹുലിനെതിരെ അറിയപ്പെടുന്ന നേതാവ് വേണം എന്ന് ആവശ്യം ശക്തമായപ്പോൾ ഉയർന്നു കേട്ടത് രാജ്യസഭാ എം പിയായ സുരേഷ് ഗോപിയുടെ പേരാണ്. സുരേഷ് ഗോപിയെ വയനാട്ടിൽ മത്സരിപ്പിക്കണം എന്ന് ബി ജെ പി വയനാട് ജില്ലാ കമ്മറ്റി ആവശ്യം ഉനയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് മറികടന്നാണ് തുഷാർ വയനാട്ടിൽ സ്ഥാനാർത്ഥിയായത്.

തുഷർ വയനാട്ടിലേക്ക് മാറിയതോടെ ഒഴിവു വന്ന മണ്ഡലത്തിൽ സുരേഷ് ഗോപി മത്സരിച്ചേക്കും എന്നാണ്
റിപ്പോർട്ടുകൾ. സുരേഷ് ഗോപിയുമായി ബി ജെ പി കേന്ദ്ര നേതാക്കൾ ആശയ വിനിമയം നടത്തിയതാ‍യാണ് സൂചന. അങ്ങനെയെങ്കിൽ വ്യാഴാഴ്ചയാണ് നാമനിർദേശം നൽകുന്നതിനായുള്ള അവസാന ദിവസം എന്നതിനാൽ പ്രഖ്യാപനം ഉടൻ തന്നെ പ്രതീക്ഷിക്കാം.

തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ നേട്ടമുണ്ടാക്കാനാകും എന്ന് ബി ജെ പി കണക്കുകൂട്ടുന്ന മണ്ഡലമാണ് തൃശൂർ. മണ്ഡലം ബി ഡി ജെ എസിന് നൽകിയതിൽ നേരത്തെ ബി ജെ പിക്കുള്ളിൽ തന്നെ അതൃപ്തി നിലനിന്നിരുന്നു. തൃശൂരിൽ ബി ജെ പി വിജയിക്കുന്ന കാര്യത്തിൽ സംശയമാണ്. എന്നാൽ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി രണ്ടാം സ്ഥാനം പിടിക്കുക എന്നതാവും ബി ജെപിയുടെ തന്ത്രം.

എന്നാൽ ഇക്കാര്യം പോലും തൃശൂർ മണ്ഡലത്തിൽ അത്ര എളുപ്പമല്ല. ഇടതു വലതു മുന്നണികൾക്ക് സമാനമായ ശക്തിയുള്ള മണ്ഡലമാണ് തൃശൂർ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3,89,209 വോട്ടുകൾ നേടി 38,227 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി ഐ സ്ഥാനാർത്ഥി സി എൻ ജയദേവൻ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ പി ധനപാലൻ 3,50,982 വോട്ടുകൾ നേടി. എ എ പി സ്ഥാനാർത്ഥിയായി മത്സരിച്ച സാറാ ജോസഫ് 44,638 വോട്ടുകൾ നേടിയിരുന്നു.

ബി ജെപി സ്ഥാനാർത്ഥിയായ കെ പി ശ്രീഷൻ 1,20,681വോട്ടുകൾ നേടിയിരുന്നു എന്നതാണ് ബി ജെ പിക്ക് സ്വാധീനം ഉണ്ട് എന്ന് തെളിയിക്കുന്നത്. 10,050 നോട്ട വോട്ടുകളും കഴിഞ്ഞ തവണ തൃശൂർ മണ്ഡലത്തിൽ ഉണ്ടായി. കഴിഞ്ഞ തവണത്തെ ഈ തിരഞ്ഞെടുപ്പ് ചിത്രവും ശബരിമല സമരങ്ങൾ തീർത്ത പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ചാൽ ബി ജെ പിക്ക് ഇത്തണ വോട്ട് ശതമാനം വർധിക്കാൻ തന്നെയാണ് സാധ്യത.

സുരേഷ് ഗോപി മണ്ഡലത്തിൽ മത്സരിക്കുയ്ക കൂടി ചെയ്യുന്നത് ബി ജെപിക്ക് ഗുണകരമായി മറുകയും ചെയ്യും. എന്നാൽ രണ്ടാം സ്ഥാനം പിടിക്കുക അപ്പോഴും എറെ ശ്രമകരമായ ഒരു കാര്യം തന്നെ. കോൺഗ്രസിന്റെ ടി എൻ പ്രതാപനും, സി പി ഐയുടെ രാജാജി മാത്യു തോമസും മണ്ഡലത്തിൽ ശക്താരായ സ്ഥാനാർത്ഥികളാണ്. ഇരുവരെയും മറിക്കാൻ സുരേഷ് ഗോപിക്ക് സാധിക്കില്ല എന്ന് തന്നെയാണ് വിലയിരുത്തൽ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :