ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയാല്‍ എന്താ സാറെ പ്രശ്നം ?

ചെന്നൈ| അഡോള്‍ഫ് ആര്‍തര്‍| Last Modified വെള്ളി, 12 ജൂണ്‍ 2015 (18:34 IST)
എട്ടാം ക്ലാസ് മുതല്‍ കൂട്ടുകാരോടൊപ്പം പതിവു തെറ്റാതെ, വീട്ടുകാര്‍ അറിയാതെ, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയ ചരിത്രമുള്ളവനാണ് ഇത് എഴുതുന്നത്. അന്ന് സിനിമയ്ക്ക് പോയത് കൊണ്ട് ഇന്ന് അതൊക്കെ മധുരിക്കുന്ന ഓര്‍മ്മകളായി മനസ്സില്‍ അവശേഷിക്കുന്നുണ്ട്. സ്കൂള്‍ യൂണിഫോമിനുള്ളില്‍ നിന്ന് ഇടയ്ക്കിടെ പുറത്തിറങ്ങി സ്വാതന്ത്ര്യത്തിന്റെ ഓക്‌സിജന്‍ സന്തോഷത്തോടെ ശ്വസിച്ച ചില നിമിഷങ്ങളാണ് അതെല്ലാം. ഓപ്പറേഷന്‍ ഗുരുകുലം എന്ന പേരില്‍ തിയറ്ററില്‍ പിള്ളാരെ പിടിക്കാനിറങ്ങിയ പൊലീസുകാരില്‍ ചിലരെങ്കിലും പഠനകാലത്ത് ക്ലാസ് കട്ട് ചെയ്ത് ഒരു സിനിമയ്ക്കെങ്കിലും പോയിരിക്കും.എന്നിട്ടും എന്തിനാണ് പൊലീസുകാര്‍ കുട്ടി സിനിമാപ്രേമികള്‍ക്ക് പിറകെ രക്ഷകര്‍തൃത്വത്തിന്റെ കുപ്പായവും അണിഞ്ഞ് ഇറങ്ങിയിരിക്കുന്നത് എന്നാണ് മനസ്സിലാകാത്തത്.

ഈ നാട്ടില്‍ പൊലീസിന് വേറെ എന്തൊക്കെ പണിയുണ്ട്? തലമൂത്ത കള്ളന്മാരും കൊള്ളക്കാരും ഒരു ഭാഗത്ത്. ഗുണ്ടാസംഘങ്ങളും കൊള്ളപ്പലിശക്കാരും വേറൊരിടത്ത്. പിന്നെയുമുണ്ട് നാട്ടില്‍ ഇഷ്‌ടം പോലെ കേസുകള്‍, കഞ്ചാവ്, കൊക്കെയ്‌ന്‍ സംഘങ്ങള്‍, പെണ്‍വാണിഭസംഘങ്ങള്‍ അങ്ങനെയങ്ങനെ എന്തെല്ലാം. എന്നിട്ടും, പൊലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ ഗുരുകുലം’ പദ്ധതി കണ്ടാല്‍ മാവേലി നാടായ കേരളത്തില്‍ ഇനി നന്നാകാന്‍ ഏതാനും ചില കുട്ടികള്‍ കൂടിയേ ഉള്ളൂ എന്ന് തോന്നും. മറ്റുള്ള പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റിവിടാനുള്ള പൊലീസിന്റെ ശ്രമമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍ ഇതും ഒരു മനുഷ്യാവകാശലംഘനം തന്നെയല്ലേ. ഓരോ, വിദ്യാര്‍ത്ഥിയും ഓരോ വ്യക്തി കൂടിയാണ്. അവര്‍ക്ക് അവരുടേതായ ചിന്തയും കാഴ്ചപ്പാടുകളും ഉണ്ടാകും. അതൊക്കെ ബഹുമാനിക്കപ്പെടേണ്ടതും പരിഗണിക്കപ്പെടേണ്ടതുമാണ്. പൊതുവെ നമ്മുടെ നാട്ടില്‍ കുട്ടികളെ ഒരു വ്യക്തിയായി അംഗീകരിക്കുന്ന പതിവില്ല. അതു തന്നെയാണ് ഇത്തരത്തിലുള്ള ഒരു ഓപ്പറേഷനുമായി ഇറങ്ങാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.

നമ്മുടെ സമൂഹത്തിന് പൊതുവായി ഒരു രക്ഷകര്‍തൃബോധം ഉണ്ട്. അതാണല്ലോ സദാചാര പൊലീസിനു പിന്നിലെ മനശാസ്ത്രവും. ഇത് പൊലീസിന് എപ്പോഴാണ് പിടിപെട്ടത് എന്നാണ് മനസ്സിലാകാത്തത്. നിലവില്‍ നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളില്‍ ഒരു ദിവസം എട്ടു പിരിയഡ് ആണ് ഉള്ളത്. ഡ്രില്‍ അല്ലെങ്കില്‍ റിക്രിയേഷന്‍ ഉള്ളത് ആഴ്ചയില്‍ ഒന്നോ രണ്ടോ പിരിയഡുകളില്‍ മാത്രം. ഇങ്ങനെ, പുസ്തകങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടിയിരിക്കുന്ന കുട്ടികള്‍ ഇടയ്ക്ക് ഒരു ആശ്വാസത്തിനു വേണ്ടി തിയറ്ററുകളിലേക്ക് പോകുന്നതില്‍ എന്താണ് തെറ്റ്? ഒന്ന് റിലാക്സ്‌ ചെയ്യാന്‍ ഒരു ദിവസം അവധിയെടുക്കാനുള്ള അവകാശം പോലും നമ്മുടെ കുട്ടികള്‍ക്ക് ഇല്ലേ ?

(അഭിപ്രായം വ്യക്തിപരം)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :