കാണേണ്ടത് കാണാതെ ചുംബിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത് ?

നിഷ്‌ക്രീയത്വമാണ് പ്രശ്‌നം, അല്ലാതെ ചുംബനമല്ല

  Again Kiss of Love , Kiss of Love protest , women , sex , police, kochi , ശിവസേന , കിസ് ഓഫ് ലവ് , കൊച്ചി മറൈൻഡ്രൈവ് , സദാചാര ഗുണ്ടായിസം
jibin| Last Updated: വെള്ളി, 10 മാര്‍ച്ച് 2017 (14:49 IST)
പ്രണയത്തിന് അതിര്‍വരമ്പുകളുണ്ടോ, ഇല്ലെങ്കില്‍ അവ സൃഷ്‌ടിക്കുകയാണ് സദാചാര ഗുണ്ടായിസം മുന്നില്‍ വയ്‌ക്കുന്ന ആശയം. കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ യുവതീയുവാക്കള്‍ക്ക് നേരെ പ്രവർത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തിന് മറുപടിയായി ആയിരങ്ങളാണ് മറൈൻഡ്രൈവില്‍ ഒത്തുകൂടിയത്.

മറൈൻ ഡ്രൈവില്‍ വ്യാഴാഴ്‌ച നടന്ന പ്രതിഷേധ കൂട്ടായ്‌മയിലേക്ക് വിദ്യാര്‍ഥികളടക്കമുള്ളവര്‍ എത്തിയതോടെ തെറ്റ് പറ്റിയെന്ന് ശിവസേനയ്‌ക്ക് തുറന്നു പറയേണ്ടിവന്നു. എന്നാല്‍, കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ വീണ്ടും ഒത്തുകൂടിയതാണ് പ്രതിഷേധത്തെ വ്യത്യസ്ഥമാക്കിയത്.

ആടിയും പാടിയും ചിത്രം വരച്ചും സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ചുംബനത്തിലൂടെയാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ശിവസേനയ്‌ക്കും അതേ നിലപാട് പുറത്തെടുക്കുന്നവര്‍ക്ക് മറുപടി നല്‍കിയത്. സദാചാര പൊലീസിന് ചുംബനത്തിലൂടെയാണോ മറുപടി നല്‍കേണ്ടതെന്ന ചോദ്യമാണ് ഇപ്പോള്‍ പലരും ഉന്നയിക്കുന്നത്.

സംസ്ഥാനത്ത് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിക്കപ്പെടുന്നു. വൈദികനും ശാന്തിക്കാരനും വരെ ഇക്കാര്യത്തില്‍ മിടുക്ക് കാണിച്ചു. പീഡനത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും ചെയ്‌തു. അപ്പോഴൊന്നും പ്രതികരിക്കാത്തവരാണ് മറൈൻ ഡ്രൈവിലെ സംഭവത്തിനെതിരെ രംഗത്തു വന്നത്. ശിവസേന പ്രവർത്തകര്‍ യുവതീയുവാക്കള്‍ക്ക് നേരെ നടത്തിയ അഴിഞ്ഞാട്ടം അംഗീകരിക്കാന്‍ സാധിക്കില്ലാത്തതാണെങ്കിലും തുടര്‍ന്നു വരുന്ന പീഡനങ്ങള്‍ക്കെതിരെയും പൊലീസിന്റെ നിഷ്‌ക്രീയത്തിനെതിരെയും പ്രതികരണം അനിവാര്യമാണെന്ന് മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയവര്‍ മറന്നു.


ചുംബനത്തിലൂടെ തങ്ങളുടേതായ പ്രതികരണം നടത്തിയ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയകളിലും പുറത്തും എതിര്‍പ്പുകളുണ്ട്. നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ല ഇത്തരത്തിലുള്ള പ്രതിഷേധമെന്നാണ് ‘കീബോര്‍ഡ്’ ബുദ്ധിജീവികളുടെ വാദം. മലയാളികളുടെ സംസ്‌കാരം തകരുന്നുണ്ടെങ്കില്‍ അതിന് കിസ് ഓഫ് ലവിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എല്ലാവരും അതിന് അറിഞ്ഞോ അറിയാതെയോ ഉത്തരാവാദികളാണ്.

കിടപ്പറയില്‍ അല്ലെങ്കില്‍ വീടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പരസ്യമായി ചെയ്യാന്‍ അനുവദിക്കില്ലെന്ന് വാദിക്കുന്നവര്‍ കാണേണ്ട ചില സത്യങ്ങളുണ്ട്. നൂറ് കണക്കിനാളുകള്‍ ഒത്തുകൂടുന്ന മറൈൻഡ്രൈവില്‍ എല്ലാവരും ശരീരം പങ്കുവയ്‌ക്കാനല്ല എത്തുന്നത്. എനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്ക് കിട്ടുന്നു, അത് അനുവദിച്ചു കൂടാ എന്ന നിര്‍ബന്ധം മാത്രമെ ഈ സദാചാര ഗുണ്ടകള്‍ക്കുള്ളൂ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി ഇല്ലാത്തത് കണ്ടെന്ന് വാദിക്കുന്ന ഇത്തരക്കാരെ മനോരോഗികളായിട്ടെ കാണാന്‍ സാധിക്കു.

സദാചാര ഗുണ്ടായിസത്തെയും കിസ് ഓഫ് ലവിനെയും ബന്ധിപ്പിക്കാന്‍ സാധിക്കില്ല. സ്വാതന്ത്രത്തിന് വിലങ്ങിടാന്‍ സദാചാര പൊലീസ് ശ്രമിക്കുമ്പോള്‍ സ്വാതന്ത്രത്തിനു വേണ്ടിയുള്ള വാദമാണ് കിസ് ഓഫ് ലവ് ആവശ്യപ്പെടുന്നത്. ജനാധിപത്യ രാജ്യത്ത് ഓരോ പൌരന്മാര്‍ക്കുമുള്ള സ്വാതന്ത്രം അവര്‍ ഉപയോഗിച്ചാല്‍ അതിനെ തടയുന്നവരാണ് കുറ്റക്കാര്‍. ഇവിടെ കുറ്റക്കാര്‍ കിസ് ഓഫ് ലവ് അല്ല. പ്രതികരിക്കേണ്ടതിനോട് സമരസപ്പെടുകയും തങ്ങള്‍ക്ക് ലഭിക്കാത്തതിനോട് കായികപരമായി നേരിടുകയും ചെയ്യുന്ന ശിവസേന പോലുള്ള സംഘടനകളും ചില വ്യക്തികളുമാണ് പ്രശ്‌നക്കാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :