മോസ്കോ|
jibin|
Last Modified ചൊവ്വ, 11 ഡിസംബര്‍ 2018 (14:33 IST)
കേള്‍ക്കുമ്പോള്‍ തന്നെ ഭയവും ആശങ്കയും തോന്നുന്ന കൊലപാതക പരമ്പരയില്‍ ഞെട്ടി ലോകം. പോരാട്ടങ്ങളുടെയും വിപ്ലവങ്ങളുടെയും ചരിത്രമുള്ള റഷ്യയില്‍ 78 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.
കൊല നടത്തിയത് പൊലീസുകാരന് തന്നെയാണെന്നതാണ് അന്വേഷണ സംഘത്തെ അതിശയിപ്പിച്ചത്.
78 സ്ത്രീകളെയാണ് റഷ്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സീരിയല്‍ കില്ലറായ മിഖായേല്‍പോപ്കോവ് ഇല്ലാതാക്കിയത്. 17നും 50തിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടത്.
കുറ്റം തെളിഞ്ഞതോടെ സൈബീരിയന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 22 സ്ത്രീകളെ കൊന്ന കേസിൽ ഇയാളെ നേരത്തെ തന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 56 സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിചരണ നടന്നതും കോടതി വിധി പറഞ്ഞതും.
പോപ്കോവിന്റെ കൊലപാതക പരമ്പര ഇങ്ങനെ:-
1992 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലാണ് ഇര്‍കുട്സ്കിലെ പൊലീസ് ഉദ്യോഗസ്ഥനായ പോപ്കോവ് 78 സ്ത്രീകളെയും കൊലപ്പെടുത്തിയത്. വേശ്യകളും മദ്യപിച്ച് നടക്കുന്ന സ്ത്രീകളുമായിരുന്നു ഇര.
രാത്രിയില്‍ പൊലീസ് വേഷത്തില്‍ കാറില്‍ സഞ്ചരിക്കുകയും ലിഫ്റ്റ് നല്കി നല്കി വിളിച്ചു കൊണ്ടു പോകുന്ന സ്ത്രീകളെ കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസ് വാഹനമായതിനാല്‍ ആശങ്കയില്ലാതെ പെണ്‍കുട്ടികള്‍ പോപ്കോവിന്റെ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയും അതിനു സാധിച്ചില്ലെങ്കില്‍ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തുന്നതുമായിരുന്നു ഇയാളുടെ രീതി. മഴു, കത്തി, സ്ക്രൂഡ്രൈവര്‍ തുടങ്ങിയ ആയുധങ്ങളുപയോഗിച്ചാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തിരുന്നു.
സ്റ്റേഷനിലെ തെളിവു ശേഖരണ വിഭാഗത്തിൽ നിന്നാണ് കൊല നടത്താനുള്ള ആയുധങ്ങള്‍ എടുത്തിരുന്നത്. കൊലയ്ക്കു ശേഷം ആയുധങ്ങളിൽനിന്ന് വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ മായ്ച്ച് കൊലപാതക സ്ഥലത്തു ഉപേക്ഷിക്കുമായിരുന്നു.
പിടിക്കപ്പെട്ടത് ഇങ്ങനെ:-
കൊലപാതക പരമ്പര രൂക്ഷമായെങ്കിലും പോപ്കോവിലേക്ക് അന്വേഷണം എത്തിയില്ല. എന്നാല്‍, ഇയാള്‍ ശ്രദ്ധിക്കാതെ ചില കാര്യങ്ങളാണ് പിടിക്കപ്പെടാന്‍ കാരണമായത്. കൊല നടന്ന സ്ഥലങ്ങളില്‍ പൊലീസ് ജീപ്പിന്റെ ടയറിന്റെ പാടുകള്‍ കണ്ടെത്തുകയും കൊല നടത്താന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ പൊലീസിന്റെ തെളിവ് ശേഖരണ വിഭാഗത്തില്‍ ഉണ്ടായിരുന്നതാണെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞതുമാണ് വിനയായത്.
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായതോടെ ഇർകുട്സ്ക് പൊലീസിൽ നിലവിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ നിരവധിപ്പേരെ ചോദ്യം ചെയ്തു. ഡിഎൻഎ പരിശോധനകൾ നടത്തി. ഒടുവിൽ അതേവർഷം തന്നെ പോപ്കോവിനെ പിടികൂടുകയുമായിരുന്നു.
കൊലയ്ക്ക് പ്രേരിപ്പിച്ചത്:-
പൊലീസില്‍ ജോലി ചെയ്തിരുന്ന ഭാര്യയ്ക്ക് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടായിരുന്നതും ഇവര്‍ തമ്മില്‍ വഴിവിട്ട ബന്ധം ഉള്ളതായി തിരിച്ചറിഞ്ഞതുമാണ് പോപ്കോവിനെ ക്രൂരനാക്കിയത്. ഇതോടെയാണ് വേശ്യകളെ കൊലപ്പെടുത്തണമെന്ന ആഗ്രഹം മനസിലുദിച്ചത്.
ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബമാണ് പോപ്കോവിന്റേത്. അതേസമയം, ഭര്‍ത്താവ് ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന കാര്യം അറിവില്ലായിരുന്നുവെന്ന് ഭാര്യ വ്യക്തമാക്കി. കൊലപാതക വിവരം പുറത്തുവന്നതോടെ ഇവര്‍ നാട് വിടുകയും ചെയ്തു.
റഷ്യന്‍ മാധ്യമങ്ങള്‍ വികൃതജന്തു എന്നാണ് പോപ്കോവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.