Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (10:19 IST)
ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലെ നെയ്ത്തു തൊഴിലാളിയായ രാജ്കുമാർ(43), ഭാര്യ ശാന്തി (32) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മകൾ രമ്യ ലോഷിനിയെ(19) തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാവുകയായിരുന്നു.
ഇന്നലെ രാവിലെ 8ന് അയൽവാസികളാണു മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് പേരും തൂങ്ങിമരിച്ച നിലയിലായിരുന്നു. ആദ്യം കൂട്ട ആത്മഹത്യയാണെന്നു കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലോഷിനിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായി.
സ്ഥലത്തെത്തിയ പെൺകുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. ദലിത് വിഭാഗത്തിൽ പെട്ട താനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇതറിഞ്ഞ മാതാപിതാക്കൾ എതിർത്തിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ രമ്യ കൊല്ലപ്പെട്ടെന്നു കരുതുന്നുവെന്നും ഇതേ തുടർന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയായിരുന്നിരിക്കാമെന്നും പൊലീസ് അറിയിച്ചു.