അനു മുരളി|
Last Modified ശനി, 18 ഏപ്രില്‍ 2020 (11:12 IST)
പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് അധ്യാപകനായ ബി ജെ പി നേതാവ് പത്മരാജൻ അറസ്റ്റിൽ ആയത്. കേസിലെ ദുരൂഹത നീക്കണമെന്നും തന്റെ ഭർത്താവ് നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ ഡി ജി പി ലോക് നാഥ് ബെഹ്റയ്ക്ക് പരാതി നല്കി.
പാനൂർ പാലതയിയിൽ പത്ത് വയസ്സ് ഉള്ള പെൺകുട്ടി ആണ് പീഡനത്തിന് ഇരയായത്. കുട്ടിയുടേത് ബാലിശമായ ആരോപണം മാത്രമാണെന്ന് അറസ്റ്റിലായ പ്രതി പത്മരാജന്റെ ഭാര്യ വി വി ജീജ വെള്ളിയാഴ്ച ഡി ജി പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കുട്ടി പീഡനം നടന്നു എന്ന് ആരോപിക്കുന്ന ദിവസങ്ങളിൽ ഭർത്താവ് സ്കൂളിൽ പോയിട്ടില്ല. മൊബൈൽ ഫോണിൻറെ ലോകേഷൻ അടക്കം പരിശോധിച്ചാൽ അത് വ്യക്തം ആകും.
മാത്രമല്ല പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ നവ മാധ്യമങ്ങളായ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ കുട്ടിയുടെ കൈവശമുള്ള ഫോൺ പരിശോധിക്കണം. നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ എനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.