വെടിക്കെട്ട് സെഞ്ചുറി, ലോകകപ്പിലെ റൺവേട്ടക്കാരുടെ ടോപ്പ് ഫൈവിലെത്തി ശ്രേയസ് അയ്യർ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (18:50 IST)
ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ ആദ്യ അഞ്ചിലെത്തി ഇന്ത്യയുടെ മധ്യനിര താരം ശ്രേയസ് അയ്യര്‍. ഇന്ന് ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി സ്വന്തമാക്കാന്‍ സാധിച്ചതോടെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത് 500+ റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടം ശ്രേയസ് സ്വന്തമാക്കി. നെതര്‍ലന്‍ഡ്‌സിനെതിരെയും ന്യൂസിലന്‍ഡിനെതിരെയും നേടിയ സെഞ്ചുറികളാണ് ശ്രേയസിന്റെ കുതിപ്പിന് ബലം നല്‍കിയത്.

2007ലെ ടൂര്‍ണമെന്റില്‍ മധ്യനിര താരമായ ന്യൂസിലന്‍ഡിന്റെ സ്‌കോട്ട് സ്‌റ്റെറിസ് കുറിച്ച 499 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്. മുതുക് വേദനയെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും അടക്കം ഒട്ടെറെ മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമായിരുന്നു. അതിനാല്‍ തന്നെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നതാണ് ശ്രേയസിന്റെ നേട്ടം.

ലോകകപ്പില്‍ പാകിസ്ഥാന്‍, ശ്രീലങ്ക,ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ശ്രേയസ് അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. കഴിഞ്ഞ ഇന്നിങ്ങ്‌സുകളില്‍ 53*,82,77,128* എന്നിങ്ങനെയാണ് ശ്രേയസിന്റെ സ്‌കോറുകള്‍. ഇന്ന് ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ 70 പന്തില്‍ 4 ബൗണ്ടറികളും 8 സിക്‌സുമടക്കം 105 റണ്‍സാണ് ശ്രേയസ് നേടിയത്. ലോകകപ്പില്‍ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് 75.14 ശരാശരിയില്‍ 526 റണ്‍സാണ് ശ്രേയസ് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :