അഭിറാം മനോഹർ|
Last Modified ചൊവ്വ, 21 നവംബര്‍ 2023 (20:23 IST)
ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താനുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം വലിയ തെറ്റായിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സൂര്യകുമാറിന് പകരം രവീന്ദ്ര ജഡേജയെ നേരത്തെ ഇറക്കിയത് ടീമിന്റെ പ്രകടനത്തെ മൊത്തം ബാധിച്ചതായാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടത്.
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് കോലിയെ വീഴ്ത്തി സ്‌റ്റേഡിയത്തെയാകെ നിശബ്ദതയിലേക്ക് തള്ളിവിട്ടപ്പോള്‍ ഇറങ്ങേണ്ടിയിരുന്നത് സൂര്യകുമാര്‍ യാദവ് തന്നെയായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്. പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരമായാണ് സൂര്യ ടീമിലെത്തിയത്. എന്നാല്‍ സൂര്യയ്ക്ക് പകരം ജഡേജയെ ഇറക്കാനുള്ള രോഹിത്തിന്റെ തീരുമാനം അമ്പരപ്പിച്ചു. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് മുന്‍ പാക് നായകനായ വസീം അക്രവും പ്രകടിപ്പിച്ചത്. സൂര്യകുമാര്‍ നേരത്തെയിറങ്ങിയിരുന്നുവെങ്കില്‍ ജഡേജ കളിക്കാനുണ്ടെന്ന ധൈര്യം സൂര്യയെ സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുമായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്.