15 വർഷം, റണ്ണൌട്ടിൽ തുടങ്ങി റണ്ണൌട്ടിൽ തന്നെ ഒടുങ്ങുമോ ഈ വസന്തം ?

Last Modified വ്യാഴം, 11 ജൂലൈ 2019 (11:36 IST)
ഒരു റണ്ണൌട്ടിൽ തുടങ്ങി മറ്റൊരു റണ്ണൌട്ടിൽ ഒടുങ്ങുകയാണോ ഇന്ത്യയുടെ അതികായൻ മഹേന്ദ്ര സിംഗ് ധോണിയുടെ സംഭവബഹുലമായ ഏകദിന കരിയർ? ഈ ലോകകപ്പോടെ മുൻ ഇന്ത്യൻ നായകൻ വിരമിക്കൽ പ്രഖ്യാപനം നടത്തുകയാണെങ്കിൽ ഈ റണ്ണൌട്ട് യാദൃശ്ചികം എന്നല്ലാതെ എന്ത് പറയാൻ.

ഷോർട്ട് ഫൈൻ ലെഗ്ഗിൽ നിന്ന് മാർട്ടിൻ ഗുപ്ടിൽ എറിഞ്ഞ ഒരു ത്രോയാണ് ഇന്ത്യയുടെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞത്. പന്ത് നേരെ വിക്കറ്റിന്റെ മുകളിൽ കൊണ്ട് ബെയ്ൽ തെറിക്കുമ്പോൾ മിന്നലോട്ടക്കാരനായ ധോണി ക്രീസിലേക്ക് ഓടിയെത്തുന്നേ ഉണ്ടായിരുന്നുള്ളു. ഒരു ആറിഞ്ചിന്റെ എങ്കിലും അകലം ഉണ്ടായിരുന്നു. ധോണി ഔട്ടായി പുറത്തേക്ക് പോകുന്നത് അവിശ്വസനീയതയോടെയാണ് ഗാലറി നോക്കി കണ്ടത്.

ഒൻപത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോൾ. ധോണി ഉണ്ടായിരുന്നെങ്കിൽ ജയം ഉറപ്പിക്കാമായിരുന്ന 9 പന്ത്. ധോണി ഔട്ട് ആയപ്പോൾ തന്നെ ഇന്ത്യ തോൽ‌വി ഉറപ്പിച്ചു. 92 റൺസിൽ അവസാനിച്ച പ്രതീക്ഷ 221 റൺസ് വരെ എത്തിച്ചത് ധോണിയും ജഡെജയുമായിരുന്നു. ധോണിയുടെ റണ്ണൌട്ട് ആണ് ഇന്ത്യയുടെ ‌തോൽ‌വിയിൽ പൂർണമായത്.

ധോണിയുടെ അവസാന ലോകകപ്പ് ആണിതെങ്കിൽ ജഡേജയുമായി മഹി നടത്തിയ പോരാട്ടം ഈ മത്സരം കണ്ടവരെല്ലാം ഓർമിക്കുമെന്നുറപ്പാണ്. റണ്ണൌട്ട് ആയി മടങ്ങുന്നത് വരെ ധോണിയുടെ പോരാട്ടവീര്യം എല്ലാവരും കണ്ടതാണ്. ഈ തോൽ‌വിക്ക് മറ്റൊരു സാമ്യത കൂടെയുണ്ട്.

പതിനഞ്ച് കൊല്ലം മുൻപത്തെ മറ്റൊരു റണ്ണൌട്ട് ഓർമ വന്നവരാകും അധികം പേരും. തപഷ് ബൈസ്യയുടെ ഏറ് പിടിച്ച് ബംഗ്ലാദേശ് കീപ്പർ ഖാലിദ് മഷൂദ്
ബെയ്ലെടുക്കുമ്പോൾ റണ്ണൊന്നുമെടുത്തിരുന്നില്ല ധോണി. പൂജ്യനായി അന്ന് ധോണി മടങ്ങി. അതായിരുന്നു ധോണിയുടെ അരങ്ങേറ്റ ഇന്നിംഗ്സ്. തുടക്കം തന്നെ പൂജ്യത്തിൽ തുടങ്ങിയവനാണ് ധോണി. ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിൽ റണ്ണൌട്ടായ ധോണി അവസാന ഇന്നിംഗ്സിൽ 50ലാണ് റണ്ണൌട്ട് ആയത്. അതും ധോണി വിരമിക്കുകയാണെങ്കിൽ മാത്രം.


സെമിയിൽ കിവീസിനെ നേരിടുമ്പോൾ മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ച് മൂന്ന് ദിവസമായി. പക്ഷേ, ഇതുവരെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടില്ല. എന്തായാലും ഇനിയൊരു ലോകകപ്പിനുള്ള യൌവ്വനം ധോണിക്കില്ലെന്ന് വേണം പറയാൻ. അടുത്ത ലോകകപ്പിലേക്ക് 4 വർഷമുണ്ട് ഇനി. ലോകകപ്പിൽ കളിക്കാൻ ഇനി ധോണിക്കാകില്ലെന്ന് വേണം കരുതാൻ. വിക്കറ്റിന് പിറകിലെ ധോനിയുടെ പ്രകടനത്തിന്റെ മാറ്റൊന്നും കുറഞ്ഞിട്ടില്ല. എന്നാൽ, ബാറ്റിങ്ങിന്റെ കാര്യം അങ്ങനെയല്ല. പഴയ ഫിനിഷറുടെ നിഴൽ മാത്രമേ ഇപ്പോൾ ധോണിയിലുള്ളു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :