Last Updated:
വെള്ളി, 28 ജൂണ്‍ 2019 (12:37 IST)
വിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 125 ന്റെ ഗോൾഡൺ ജയം നേടി. പക്ഷേ, ഇന്ത്യയുടെ അതികായനായ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർ മാത്രം അടങ്ങിയിരുന്നില്ല. ധോണിയാണ് നിലവിൽ ഇന്ത്യൻ ടീമിന്റെ പ്രശ്നമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ധോണിയെ ചവിട്ടിപ്പുറത്താക്കിയാൽ ഇന്ത്യയുടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നാണോ ഇക്കൂട്ടർ കരുതുന്നത്? അങ്ങനെയെങ്കിൽ അവർ ക്രിക്കറ്റ് ആരാധകരല്ലെന്ന് സോഷ്യൽ മീഡിയയിൽ സന്ദീപ് ദാസ് കുറിച്ച പോസ്റ്റിൽ പറയുന്നു.
വിൻഡീസിനെതിരെ മഹത്തായ ഇന്നിംഗ്സ് ആരും തന്നെയെടുത്തിട്ടില്ല. ആകെ പറയാനുള്ളത് വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് മാത്രമാണ്. കോലി 82 പന്തില്‍ 72 റണ്‍സെടുത്തു. 61 പന്തിൽ നിന്നും ധോണി എടുത്തത് 56 പന്ത്. ധോണിയുടെ മെല്ലെപ്പോക്ക് ഈ കളിയിലും ഉണ്ടായിരുന്നു. എന്നാൽ, രോഹിതും വിരാടും ഔട്ടായ ശേഷം കളിയിലെ സമ്മർദ്ദം മുഴുവൻ തലയിലേറ്റിയത് ധോണി മാത്രമാണ്. ധോണിയുടെ ഇന്നിംഗ്സ് അത് വ്യക്തമാക്കുന്നുമുണ്ട്.
ഒമ്പതാം ഓവറിൽ ധോണി അടിച്ചെടുത്ത 16 റണ്ണുകൾ ജയം ഇന്ത്യയ്ക്കൊപ്പമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു. തോമസ് എറിഞ്ഞ അവസാന പന്ത് 79 മീറ്റർ അകലെ ധോണി പറത്തിയപ്പോൾ ഗ്യാലറി മാത്രമല്ല വിരാട് കോഹ്ലിയും രവിശാസ്ത്രിയും ആവേശത്തോടെ അലറിയിരുന്നു. ധോണിയിൽ അവർ എത്രത്തോളം ആത്മവിശ്വാസം വെച്ചു പുലർത്തുന്നു എന്നതിന്റെ തെളിവായിരുന്നു അത്.
വമ്പനടിയ്ക്ക് ശ്രമിച്ച് ധോനി നേരത്തെ ഔട്ടായിരുന്നുവെങ്കിൽ ഇന്ത്യ 230-240 റണ്ണുകളിൽ ഒതുങ്ങിപ്പോകാൻ എല്ലാ ചാൻസും ഉണ്ടായിരുന്നു. അവിടെയാണ് ധോണിയെന്ന ബുദ്ധിമാൻ ഉണർന്ന് പ്രവർത്തിച്ചത്. ആ പിച്ചിൽ 350 റണ്ണുകൾ ആവശ്യമില്ലെന്ന കാര്യം ധോനി തിരിച്ചറിഞ്ഞിരുന്നു.
അമ്പയർ പോലും ധോനിയുടെ ഇംഗിതത്തിനുവഴങ്ങുന്ന കാഴ്ച്ച അഫ്ഗാനിസ്ഥാനെതിരായ മാച്ചിൽ കണ്ടിരുന്നു. ഇക്കാര്യങ്ങളിൽ ധോണിയെന്ന താരത്തിന്റെ ഇംപാക്റ്റ് സൃഷ്ടിക്കാൻ നിലവിൽ കാർത്തിക്കിനോ ഋഷഭിനോ കഴിയില്ല. അതുകൊണ്ടാണ് വിരാട് ധോനിയെ ഇങ്ങനെ ചേർത്തുനിർത്തുന്നത്.
ധോനിയുടെ സാന്നിദ്ധ്യം ക്യാപ്റ്റൻ വിരാടിനും അയാളുടെ ബൗളർമാർക്കും വലിയ സഹായമാണ്. സമ്മർദ്ദം മുറുകുമ്പോൾ വിറയ്ക്കാത്ത കൈകളാണ് ധോനിയുടേത്. ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ അയാളെക്കൊണ്ട് ഉപകാരമുണ്ടാകും. ധോണി വിക്കറ്റിനു പുറകിലുണ്ട് എന്ന വസ്തുത ഇന്ത്യൻ ടീമിന് നൽകുന്ന മനോബലം ചെറുതല്ല. ധോനിയെ വീഴ്ത്താതെ ഇന്ത്യയെ തോൽപ്പിക്കാമെന്ന സ്വപ്നം വ്യാമോഹം മാത്രമാണ്.
കളിയിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ഒരു താരത്തെ ആരോഗ്യപരമായ രീതിയിൽ വിമർശിക്കുന്നത് തെറ്റല്ല. പക്ഷേ, ഒരു ലെജൻഡിനെ അടച്ചാക്ഷേപിക്കുന്നതിലെ താൽപ്പര്യം മനസിലാകുന്നില്ലെന്ന് വേണം പറയാൻ. അധികം കാലമൊന്നും ധോണി ഉണ്ടാകില്ല. ധോണിയുടെ അസാന്നിധ്യം ഇന്ത്യൻ ടീമിനെ എത്രത്തോളം ബാധിക്കുമെന്ന് അപ്പോൾ എല്ലാവർക്കും വ്യക്തമാകും. ചിലതെല്ലാം തെളിയിക്കാൻ കാലത്തിന് മാത്രമേ സാധിക്കൂ.