ന്യൂഡല്‍ഹി|
സജിത്ത്|
Last Updated:
വ്യാഴം, 26 മെയ് 2016 (09:51 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ മറികടന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലേക്ക്. നാളെ ഗുജറാത്ത് ലയൺസിനെതിരെ ജയിച്ചാൽ അവർക്കു ബാംഗ്ലൂരുമായി ഫൈനൽ കളിക്കാം. സ്കോർ: ഹൈദരാബാദ്–20 ഓവറിൽ എട്ടിന് 162. കൊൽക്കത്ത–20 ഓവറിൽ എട്ടിന് 140.
യുവ്രാജ് സിങ്ങാണ് സണ്‍റൈസേഴ്സിന്റെ ടോപ്സ്കോറര്‍. 30 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പടെ 44 റണ്‍സായിരുന്നു യുവിയുടെ സംഭാവന. യുവിക്കു പുറമേ 21 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ടു സിക്സറുകളുമായി 31 റണ്‍സ് നേടിയ മോയിസസ് ഹെന്റിക്വസും ബാറ്റിങ്ങില്‍ തിളങ്ങി. നായകന് ഡേവിഡ് വാര്‍ണര്‍(28 പന്തില്‍ 28), മധ്യനിര താരം ദീപ് ഹൂഡ(13 പന്തില്‍ 21) എന്നിവരാണ് സണ്‍റൈസേഴ്സിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്(10 പന്തില്‍ 10) തിളങ്ങാതെ പോയ മത്സരത്തില്‍ തുടക്കം പിഴച്ചതാണ് സണ്‍റൈസേഴ്സിന് വിനയായത്.
മറുപടി ബാറ്റിങിൽ ഹൈദരാബാദ് ബോളർമാർ കൊൽക്കത്തയെ വരിഞ്ഞു മുറുക്കി. തുടരെ വിക്കറ്റുകളും വീണതോടെ കൊൽക്കത്ത റൺറേറ്റ് സമ്മർദ്ദത്തിൽ കുരുങ്ങി. മനീഷ് പാണ്ഡെയാണ് (36) ടോപ് സ്കോറർ. നായകന് ഗൗതം ഗംഭീര്‍ 28 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 28 റണ്‍സ് നേടി പുറത്തായപ്പോള്‍ 15 പന്തില്‍ 23 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മറ്റൊരു പ്രധാന സ്കോറര്‍.