രേണുക വേണു|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2024 (12:34 IST)
World Test Championship Final 2025: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മെല്‍ബണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തോല്‍വി വഴങ്ങിയതോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ പോയിന്റ് ശതമാനം 52.77 ആയി കുറഞ്ഞു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന ഒരു ടെസ്റ്റ് ജയിച്ചാലും ഇന്ത്യക്ക് ഇനി സാധ്യതകള്‍ കുറവാണ്.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റ് സിഡ്‌നിയിലാണ് നടക്കുക. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ പരമ്പര 2-2 എന്ന നിലയിലാകും. അപ്പോഴും ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ തോറ്റാല്‍ മാത്രമേ ഇന്ത്യക്ക് ഇനി സാധ്യതകള്‍ ഉള്ളൂ.
സിഡ്‌നി ടെസ്റ്റില്‍ തോറ്റാലോ സമനിലയായാലോ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് പുറത്താണ്. അതേസമയം ജയിക്കുകയാണെങ്കില്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ശ്രീലങ്ക കരുത്തരായ ഓസ്‌ട്രേലിയയെ 2-0 ത്തിനു തോല്‍പ്പിക്കണം. അല്ലാത്ത പക്ഷം ഇന്ത്യക്ക് ഇനി സാധ്യതകളൊന്നും അവശേഷിക്കുന്നില്ല.
അതേസമയം ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് ജയിക്കുകയോ സമനിലയാക്കുകയോ ചെയ്താല്‍ ഓസ്‌ട്രേലിയയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കും.