രേണുക വേണു|
Last Modified വെള്ളി, 8 നവംബര്‍ 2024 (14:09 IST)
Rohit Sharma: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം രണ്ട് ഗ്രൂപ്പുകളായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. നവംബര്‍ 10 നാണ് ആദ്യ സംഘം ഓസ്‌ട്രേലിയയിലേക്ക് പോകുക. നവംബര്‍ 11 ന് രണ്ടാമത്തെ സംഘവും ഓസ്‌ട്രേലിയയില്‍ എത്തും. ലോജിസ്റ്റിക്കല്‍ പരിമിതികള്‍ കാരണമാണ് എല്ലാവര്‍ക്കും ഒന്നിച്ച് കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റില്‍ പോകാന്‍ സാധിക്കാത്തത്.
നവംബര്‍ 22 നു പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുക. രണ്ടാമത്തെ ടെസ്റ്റ് മുതലാണ് രോഹിത് കളിക്കുകയെന്നാണ് വിവരം. ആദ്യ ടെസ്റ്റ് കളിക്കുന്നില്ലെങ്കിലും നവംബര്‍ 10 നു തിരിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം രോഹിത്തും ഓസ്‌ട്രേലിയയിലേക്ക് പോകും. ഏതാനും ദിവസത്തെ പരിശീലനത്തിനു ശേഷം രോഹിത് നാട്ടിലേക്ക് തന്നെ തിരിക്കും. ഭാര്യ റിതികയുടെ ഡെലിവറിക്ക് വേണ്ടിയാണ് രോഹിത് നാട്ടിലേക്ക് പോകുന്നത്. ഭാര്യയുടെ ഡെലിവറിക്ക് ശേഷം രോഹിത് വീണ്ടും ഓസ്‌ട്രേലിയയിലേക്ക് പോകും.
ഓസ്‌ട്രേലിയന്‍ സാഹചര്യം പഠിക്കാനാണ് രോഹിത് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം പോകുന്നത്. രണ്ടാം ടെസ്റ്റിനു തൊട്ടു മുന്‍പാണ് എത്തുന്നതെങ്കില്‍ പരിശീലനത്തിനുള്ള സമയം കുറവാണ്. ഈ സാഹചര്യത്തിലാണ് നവംബര്‍ 10 ന് ഓസ്‌ട്രേലിയയിലേക്ക് പോകാനും ഏതാനും ദിവസത്തെ പരിശീലനം നടത്തി തിരിച്ചുവരാനും രോഹിത് തീരുമാനിച്ചത്. റിതികയുടെ ഡെലിവറി വൈകുകയാണെങ്കില്‍ രോഹിത്തിനു രണ്ടാം ടെസ്റ്റും നഷ്ടമാകും.