രേണുക വേണു|
Last Modified വെള്ളി, 18 ഒക്ടോബര്‍ 2024 (08:55 IST)
India vs New Zealand 1st Test: ചിന്നസ്വാമി ടെസ്റ്റിലെ തകര്‍ച്ചയ്ക്കു പിന്നാലെ ഇന്ത്യയെ പിന്തുണച്ചും ആരാധകര്‍. ന്യൂസിലന്‍ഡിനോടു 46 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും ഇതൊരു പരീക്ഷണത്തിന്റെ ഭാഗമാണെന്നാണ് കടുത്ത ഇന്ത്യന്‍ ആരാധകരുടെ വാദം. നനവുള്ള പിച്ച് ആയിരുന്നിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണെന്ന് ആരാധകര്‍ പറയുന്നു.
മഴ പെയ്തു പിച്ചില്‍ നനവുണ്ടെന്നും പേസിനു അനുകൂലമായിരിക്കുമെന്നും ഇന്ത്യക്ക് അറിയാമായിരുന്നു. എന്നിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് മനപ്പൂര്‍വ്വമാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ഇംഗ്ലണ്ടിലേക്കു പോകുമ്പോള്‍ സമാനമായ സാഹചര്യത്തില്‍ ബാറ്റ് ചെയ്യേണ്ടി വരും. അതിനു തയ്യാറെടുപ്പും പരീക്ഷണവുമാണ് പരിശീലകന് ഗൗതം ഗംഭീറും ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയും ചിന്നസ്വാമിയില്‍ നടത്തിയതെന്നാണ് ആരാധകരുടെ വാദം. ന്യൂസിലന്‍ഡിനെതിരെ ഒരു മത്സരം തോറ്റാല്‍ പോലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. അതുകൊണ്ട് എന്ത് പരീക്ഷണം വേണമെങ്കില്‍ നടത്താമെന്നാണ് ഇവരുടെ ന്യായീകരണം.
ചിന്നസ്വാമി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 46 നു റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. 20 റണ്‍സെടുത്ത റിഷഭ് പന്താണ് ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 13 റണ്‍സെടുത്തു. ബാക്കിയെല്ലാവരും രണ്ടക്കം പോലും കാണാതെ പുറത്തായി. വിരാട് കോലി അടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിനാണ് പുറത്തായത്. മറുവശത്ത് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 180 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ തന്നെ 134 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കിവീസിനു ഉള്ളത്.