ന്യൂസിലന്‍ഡ് അല്ലെങ്കില്‍ പാക്കിസ്ഥാന്‍ ! ഇവരില്‍ ഒരാളായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍; ചങ്കിടിപ്പോടെ ആരാധകര്‍

ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യക്ക് സെമി ഫൈനലില്‍ എതിരാളികളായി എത്തുക പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാര്‍

രേണുക വേണു| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (08:51 IST)

ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനല്‍ കളിക്കുക പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാര്‍ എന്ന അഭിമാന നേട്ടം സ്വന്തമാക്കി. എട്ട് കളികള്‍ കഴിയുമ്പോള്‍ എട്ടിലും ജയിച്ച് 16 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഒരു മത്സരം കൂടി ഇന്ത്യക്ക് ശേഷിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റാണ് ഉള്ളത്.

ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യക്ക് സെമി ഫൈനലില്‍ എതിരാളികളായി എത്തുക പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാര്‍. അത് ആരായിരിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. നിലവിലെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ ന്യൂസിലന്‍ഡോ പാക്കിസ്ഥാനോ ആയിരിക്കും സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. നിലവില്‍ ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ന്യൂസിലന്‍ഡ് തന്നെയായിരിക്കും ഇന്ത്യക്ക് സെമിയില്‍ എതിരാളികള്‍. 2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ന്യൂസിലന്‍ഡ് ശ്രീലങ്കയോട് തോല്‍ക്കുകയും അവസാന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ പാക്കിസ്ഥാനായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. അതേസമയം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ അട്ടിമറിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി എത്താനും സാധ്യതയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :