അഭിറാം മനോഹർ|
Last Modified വ്യാഴം, 2 ജനുവരി 2025 (19:21 IST)
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്സ്റ്റര്‍ ഓസ്‌ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിക്കും. മിച്ചല്‍ മാര്‍ഷ് മോശം ഫോമില്‍ തുടരുന്നതിനെ തുടര്‍ന്നാണ് ഓസീസ് പകരക്കാരനെ ഇന്ത്യക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വാരിയെല്ലിന് വേദന അനുഭവപ്പെട്ടിരുന്നെങ്കിലും സിഡ്‌നി ടെസ്റ്റില്‍ താരം കളിക്കും.
ഓസ്‌ട്രേലിയയുടെ ടി20 ക്യാപ്റ്റന്‍ കൂടിയായ മിച്ചല്‍ മാര്‍ഷിന് നാല് ടെസ്റ്റുകളില്‍ നിന്നും 73 റണ്‍സ് മാത്രമാണ് പരമ്പരയില്‍ നേടാനായത്. ബൗളിംഗിലും ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ താരത്തിനായിരുന്നില്ല. അതേസമയം പകരക്കാരനായി ടീമിലെത്തുന്ന ബ്യൂ വെബ്സ്റ്റര്‍ 31 വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 5297 റണ്‍സും 148 വിക്കറ്റുകറെ പേരിലുണ്ട്.
ഓഫ്‌സ്പിന്നറായാണ് കരിയര്‍ തുടങ്ങിയതെങ്കിലും കോവിഡ് സമയത്ത് പേസ് ബൗളിംഗിലേക്ക് വെബ്സ്റ്റര്‍ ചുവട് മാറ്റിയിരുന്നു. 2022-23 സീസണില്‍ ടാസ്മാനിയയ്ക്കായി 51.01 ശരാശരിയില്‍ 1837 റണ്‍സും 39 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. അടുത്തിടെ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ എ നടത്തിയ പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനവും താരത്തിന് തുണയായി. മധ്യനിരയില്‍ നങ്കൂരമിടാനുള്ള താരത്തിന്റെ കഴിവ് സിഡ്‌നിയില്‍ ഓസീസിന് മുതല്‍ക്കൂട്ടാകുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍.