രേണുക വേണു|
Last Modified വെള്ളി, 6 ഡിസംബര്‍ 2024 (10:03 IST)
What is Pink Ball: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനു ഇന്ന് അഡ്‌ലെയ്ഡില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. പകലും രാത്രിയുമായി നടക്കുന്ന അഡ്‌ലെയ്ഡ് ടെസ്റ്റില്‍ പിങ്ക് ബോളാണ് ഉപയോഗിക്കുന്നത്. സാധാരണ ടെസ്റ്റ് മത്സരങ്ങള്‍ക്കു ഉപയോഗിക്കുക റെഡ് ബോള്‍ ആണ്. എന്നാല്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ വരുമ്പോള്‍ റെഡ് ബോളിനു പകരം പിങ്ക് ബോള്‍ ഉപയോഗിക്കും.
രാത്രിയിലും കളി നടക്കുന്നതിനാല്‍ ലൈറ്റുകള്‍ക്ക് കീഴില്‍ കൂടുതല്‍ തെളിച്ചത്തോടെ കാണാന്‍ വേണ്ടിയാണ് പിങ്ക് ബോള്‍ ഉപയോഗിക്കുന്നത്. റെഡ് ബോളിനേക്കാള്‍ വിസിബിലിറ്റി കൂടുതല്‍ ആയിരിക്കും പിങ്ക് ബോളുകള്‍ക്ക്. കൂടുതല്‍ കാഴ്ച ലഭിക്കാനും തിളങ്ങാനുമായി പിങ്ക് ബോളില്‍ വാര്‍ണിഷ് ഉപയോഗിക്കുന്നുണ്ട്. കൃത്രിമമായി ഉണ്ടാക്കുന്ന ഈ വാര്‍ണിഷ് പന്ത് വേഗത്തില്‍ സഞ്ചരിക്കാനും പിച്ചില്‍ അതിവേഗം കുത്തി തിരിയാനും സഹായിക്കും.
പിങ്ക് ബോളിന്റെ നടുവിലൂടെ കറുപ്പ് നൂല്‍ ഉപയോഗിച്ച് തുന്നും. റെഡ് ബോള്‍ ആണെങ്കില്‍ വെള്ള നൂല്‍ ആണ് ഉപയോഗിക്കുക. നേരത്തെ പറഞ്ഞതു പോലെ കൂടുതല്‍ കാഴ്ച ലഭ്യമാകാനാണ് പിങ്ക് ബോളില്‍ കറുത്ത നൂല്‍ ഉപയോഗിക്കുന്നത്. കൃത്രിമ വെളിച്ചത്തിനു കീഴില്‍ കളിക്കുമ്പോള്‍ പിങ്ക് ബോളിനു അസാധാരണമായ സ്വിങ്ങും ടേണും ലഭിക്കും. പിങ്ക് ബോളില്‍ ബാറ്റ് ചെയ്യുന്നത് അല്‍പ്പം പ്രയാസപ്പെട്ട കാര്യമാണ്.
പിങ്ക് ബോളിന്റെ തെളിച്ചം റെഡ് ബോളിനേക്കാള്‍ നീണ്ടുനില്‍ക്കും. സ്വിങ്ങും സ്‌ക്വിഡും പിങ്ക് ബോളിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. വിചാരിക്കുന്നതിലും വേഗതയില്‍ ആയിരിക്കും പിങ്ക് ബോളിന്റെ സഞ്ചാരം. അതുകൊണ്ട് തന്നെ ബാറ്റര്‍മാരിലേക്ക് അപ്രതീക്ഷിത വേഗത്തില്‍ ബോള്‍ എത്തും.