അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 ഡിസംബര്‍ 2020 (14:48 IST)
ഇന്ത്യക്കെതിരായ ബോക്‌സിങ് ഡെ ടെസ്റ്റിലെ പരാജയത്തിൽ നിരാശനാണെന്ന് ഓസീസ് ടീം ക്യാപ്‌റ്റൻ ടിം പെയ്‌ൻ. ഓസീസിന്റെ ബാറ്റിങ് ഓർഡറിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും മെൽബണിൽ നിന്നും നേരിട്ട എട്ട് വിക്കറ്റ് തോൽവിയിൽ നിന്നും തിരിച്ചുവരണമെങ്കിൽ അത് മറികടക്കേണ്ടതുണ്ടെന്നും പെയ്‌ൻ പറഞ്ഞു.
ഞങ്ങൾ തീർത്തും നിരാശരാണ്. കളിയിൽ മിക്കവാറും സമയം മോശം ക്രിക്കറ്റാണ് ഞങ്ങള്‍ കളിച്ചത്. എല്ലാ ക്രെഡിറ്റും ഇന്ത്യയ്ക്കാണ്. അവർ ബാറ്റിങ്ങിലായാലും ഫീൽഡിലായാലും ഞങ്ങളെ പിഴവുകൾ വരുത്തുന്നതിൽ വിജയിച്ചു. ഒരു മികച്ച ടീമിനെതിരേ നിങ്ങള്‍ക്ക് പിഴവുകള്‍ സംഭവിച്ചുപോയാല്‍ അതിന് വില കൊടുക്കേണ്ടി വരും. പെയ്‌ൻ പറഞ്ഞു.
1988-89 കാലത്തിനു ശേഷം ആദ്യമായാണ് നാട്ടില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു അര്‍ധ സെഞ്ചുറി പോലും നേടാൻ സാധിക്കാതിരിക്കുന്നത്. മാത്രമല്ല നിർണായകമായ ചില ക്യാച്ചുകൾ ഓസീസ് ഫീൽഡർമാർ നഷ്ടപ്പെടുത്തിയതും മത്സരത്തിൽ നിർണായകമായി. അതേസമയം മത്സരത്തിൽ ഉടനീളം ഓസീസ് ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാക്കിയ ഇന്ത്യൻ ബൗളർമാരെ ടിം പെയ്‌ൻ പ്രത്യേകം അഭിനന്ദിച്ചു.