പാക്കിസ്ഥാന് ബെന്‍ 'സ്‌ട്രോക്ക്'; ലോകകപ്പ് ഇംഗ്ലണ്ടിന്

ചെറിയ ടോട്ടല്‍ ആണെങ്കിലും ഇംഗ്ലണ്ടിനെ തുടക്കം മുതല്‍ പേടിപ്പിക്കാന്‍ പാക്കിസ്ഥാന് സാധിച്ചു

രേണുക വേണു| Last Modified ഞായര്‍, 13 നവം‌ബര്‍ 2022 (17:13 IST)

ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച ട്വന്റി 20 ലോകകപ്പ് ഇംഗ്ലണ്ടിന്. ശക്തരായ പാക്കിസ്ഥാനെ ഫൈനലില്‍ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പ് സ്വന്തമാക്കിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കി. പാക്കിസ്ഥാന്‍ പേസര്‍മാരുടെ പോരാട്ടവീര്യത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്ന ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

ചെറിയ ടോട്ടല്‍ ആണെങ്കിലും ഇംഗ്ലണ്ടിനെ തുടക്കം മുതല്‍ പേടിപ്പിക്കാന്‍ പാക്കിസ്ഥാന് സാധിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകും മുന്‍പ് ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് വിട്ടുകൊടുക്കാതെ ബെന്‍ സ്റ്റോക്‌സ് നടത്തിയ രക്ഷാപ്രവര്‍ത്തനം ഒടുവില്‍ പാക്കിസ്ഥാന്റെ വിജയമോഹങ്ങള്‍ക്ക് തിരിച്ചടിയായി. 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സ് പുറത്താകാതെ നിന്നു. നായകന്‍ ജോസ് ബട്‌ലര്‍ 17 പന്തില്‍ 26 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 20 റണ്‍സും മൊയീന്‍ അലി 19 റണ്‍സും നേടി ബെന്‍ സ്റ്റോക്‌സിന് മികച്ച പിന്തുണ നല്‍കി.

പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍, മുഹമ്മദ് വസീം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ടോസ് ലഭിച്ച ഇംഗ്ലണ്ട് പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

സാം കറാന്‍, ആദില്‍ റാഷിദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയത്. കറാന്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ആദില്‍ റാഷിദും ക്രിസ് ജോര്‍ദാനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്റ്റോക്സ് ഒരു വിക്കറ്റ് നേടി.
28 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 38 റണ്‍സ് നേടിയ ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 32 റണ്‍സ് നേടി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :