ഒരൊറ്റ ടി20യാണ് ഞാന്‍ കളിച്ചിട്ടുള്ളത്, എന്നേക്കാള്‍ മൈതാനത്ത് എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാം,ലോകകപ്പ് ഫൈനലിന് മുന്‍പുള്ള ദ്രാവിഡിന്റെ വാക്കുകള്‍

Dravid, Worldcup
Dravid, Worldcup
അഭിറാം മനോഹർ| Last Modified ബുധന്‍, 3 ജൂലൈ 2024 (20:20 IST)
ടി20 ലോകകപ്പ് വിജയം സ്വന്തമാക്കിയതിന്റെ ആഹ്‌ളാദം ഇപ്പോഴും രാജ്യത്ത് അലയടിച്ചുകൊണ്ടിരിക്കുകയണ്. ജൂണ്‍ 29ന് ഇന്ത്യ കിരീടവിജയം സ്വന്തമാക്കിയെങ്കിലും ഇതുവരെയും ലോകകപ്പുമായി ചാമ്പ്യന്‍ ടീം ഇന്ത്യന്‍ മണ്ണില്‍ എത്തിയിട്ടില്ല. ഇതിനിടെ ടി20 ലോകകപ്പ് ഫൈനല്‍ ദിനത്തിന് മുന്നോടിയായി പരിശീലകനായ രാഹുല്‍ ദ്രാവിഡ് തങ്ങളോട് എന്താണ് പറഞ്ഞിരുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരമായ സൂര്യകുമാര്‍ യാദവ്.


ലോകകപ്പ് ഫൈനലിന് മുന്‍പ് 2 ഗ്രാഫുകള്‍ ദ്രാവിഡ് കളിക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചതായാണ് സൂര്യകുമാര്‍ വ്യക്തമാക്കിയത്. ഇതിലെ ഒരു ഗ്രാഫില്‍ വിരാട് കോലിയും രോഹിത് ശര്‍മയും മുതല്‍ യശ്വസി ജയ്‌സ്വാള്‍ വരെയുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍ കളിച്ച ടി20 മത്സരങ്ങളുടെ എണ്ണമാണ് എഴുതിയിരുന്നത്. മറ്റൊന്നില്‍ കോച്ചിംഗ് സ്റ്റാഫ് കളിച്ച ടി20 മത്സരങ്ങളുടെ എണ്ണവും.

ടീമിലെ കളിക്കാര്‍ കളിച്ച ടി20 മത്സരങ്ങളുടെ ആകെ എണ്ണം കണക്കിലെടുക്കുമ്പോള്‍ അത് 800ലധികം ഉണ്ടായിരുന്നു. കോലിയും രോഹിത്തും മാത്രം തന്നെ 284 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ജയ്‌സ്വാള്‍ പോലും ഇന്ത്യയ്ക്കായി 17 ടി20 മത്സരങ്ങള്‍ ഇതിനകം കളിച്ചുകഴിഞ്ഞു. രണ്ടാമത്തെ ഗ്രാഫില്‍ ദ്രാവിഡും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്,ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവര്‍ കളിച്ച ടി20 മത്സരങ്ങളുടെ എണ്ണമായിരുന്നു. അത് ഒരു മത്സരം മാത്രമായിരുന്നു. കളിച്ചത് രാഹുല്‍ ദ്രാവിഡും.


ഈ രണ്ട് സ്ലൈഡുകളും കാണിച്ച ശേഷം ദ്രാവിഡ് പറഞ്ഞത് ഇങ്ങനെയാണ്. ഇത്രയും മത്സരങ്ങളുടെ അനുഭവസമ്പത്തുള്ളവരാണ് നിങ്ങള്‍. അതിനാല്‍ തന്നെ ഗ്രൗണ്ടിലിറങ്ങിയാല്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. അത് ആസ്വദിച്ച് ചെയ്യുക. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടേക്കു. സൂര്യകുമാര്‍ പറഞ്ഞു. ഈ വാക്കുകള്‍ക്ക് ശേഷം ഗ്രൗണ്ടില്‍ സംഭവിച്ചത് ചരിത്രമായിരുന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :