സിഡ്‌നി|
jibin|
Last Modified തിങ്കള്‍, 26 നവംബര്‍ 2018 (15:07 IST)
ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പരമ്പരയില്‍ ഇന്ത്യക്കാണ് സാധ്യതകളെന്ന വിലയിരുത്തലുകള്‍ ശക്തമായ പശ്ചാത്തലത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് അതിഥേയര്‍.
അപകടകാരിയാകുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ആണ് ഓസ്‌ട്രേലിയ ഭയക്കുന്നത്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ നാലു സെഞ്ചുറികള്‍ നേടിയ കോഹ്‌ലി ഇപ്പോള്‍ പഴയ ആളല്ല. പോരാട്ട വീര്യം ഇരട്ടിയായതിനൊപ്പം സെഞ്ചുറികള്‍ അടിച്ചു കൂട്ടുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരവുമായി തീര്‍ന്നു.
കോഹ്‌ലിയെ പിടിച്ചു കെട്ടുകയെന്ന ലക്ഷ്യം നടപ്പാക്കാന്‍ ഓസ്‌ട്രേലിയന്‍ ടീം പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന മുന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്തിനെയും ഡേവിഡ് വാര്‍ണറെയും സമീപിച്ചുവെന്ന റുപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കോഹ്‌ലിക്കെതിരെ തന്ത്രങ്ങളൊരുക്കാനും പേസ് ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് ഇരുവരെയും ടീം മാനേജ്‌മെന്റ് സമീപിച്ചിരിക്കുന്നത്. കോഹ്‌ലിക്കൊപ്പം ബാറ്റിംഗ് മികവുള്ള സ്‌മിത്തിന് നെറ്റ്‌സില്‍ പന്തെറിഞ്ഞു നല്‍കിയാല്‍ ബോളര്‍മാര്‍ക്ക് തന്ത്രങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിയുമെന്ന ധാരണയാണ് ടീമിനുള്ളത്.
സ്‌മിത്തിനു വാര്‍ണര്‍ക്കും പന്തെറിഞ്ഞു നല്‍കുന്നതോടെ ബോളര്‍മാര്‍ മികച്ച ഫോമിലെത്തുമെന്നും ഇതോടെ കോഹ്‌ലിയുടെ വിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുമെന്നും ഓസീസ് മാനേജ്‌മെന്റ് ഉറച്ചു വിശ്വസിക്കുന്നു. ഇതോടെയാണ് ടെസ്‌റ്റ് മത്സരങ്ങള്‍ക്ക് മുമ്പായി ഇരുവരെയും നെറ്റ്‌സില്‍ എത്തിക്കാന്‍ പരിശീലകനും സംഘവും തീരുമാനിച്ചത്.
സിഡ്നിയില്‍ നടന്ന അവസാന ട്വന്റി-20 മത്സരത്തില്‍ ഓസീസ് പേസര്‍മാരെ നെറ്റ്സില്‍ നേരിടാന്‍ വാര്‍ണര്‍ എത്തിയിരുന്നു. മത്സരശേഷം ഡ്രസ്സിംഗ് റൂമിലേക്കും വാര്‍ണര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു.