അപർണ|
Last Modified വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (11:53 IST)
ഏഷ്യകപ്പില്‍ പാകിസ്താനെതിരെ നടന്ന ഇന്ത്യയുടെ മത്സരത്തിനിടെ രാജ്യാന്തര കരിയറിലെ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണി അഥവാ ആരാധകരുടെ സ്വന്തം ‘കൂൾ’ ധോണി. ഏകദിന, ടി20 മത്സരങ്ങളില്‍ നിന്നും മാത്രമായി 500 പേരെ പുറത്താക്കി എന്ന റെക്കോഡാണ് ധോണി സ്വന്തം പേരില്‍ കുറിച്ചത്.
പാകിസ്താനെതിരായ മത്സരത്തില്‍ ഷതാബ് ഖാനെ സ്റ്റമ്പ് ചെയ്തു പുറത്താക്കിയതോടെയാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇതുവരെ ഏകദിനത്തില്‍ 413 പേരെയും ട്വന്റി20യില്‍ 87 പേരെ പുറത്താക്കി ധോണി ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
467 മല്‍സരങ്ങളില്‍നിന്ന് 952 ക്യാച്ചും 46 സ്റ്റമ്പിങ്ങും ഉള്‍പ്പെടെ 998 പേരെ പുറത്താക്കിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറാണ് ഒന്നാമത്. 396 മല്‍സരങ്ങളില്‍നിന്ന് 813 ക്യാച്ചും 92 സ്റ്റമ്പിങ്ങും ഉള്‍പ്പെടെ 905 പേരെ പുറത്താക്കിയ മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റാണ് രണ്ടാമത്.
323 ഏകദിനങ്ങളില്‍നിന്ന് 304 ക്യാച്ചും 109 സ്റ്റമ്പിങ്ങും ഉള്‍പ്പെടെയാണ് ധോണി 413 പേരെ പുറത്താക്കിയത്. 93 ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 54 ക്യാച്ചും 33 സ്റ്റമ്പിങ്ങും ഉള്‍പ്പെടെ 87 പേരെയും പുറത്താക്കി. പാകിസ്താനെതിരായ മല്‍സരത്തില്‍ മാത്രം ഒരു സ്റ്റമ്പിങ്ങിനു പുറമെ രണ്ട് ക്യാച്ചുകളും ധോണി സ്വന്തമാക്കിയിരുന്നു.