അഭിറാം മനോഹർ|
Last Modified വെള്ളി, 20 ഡിസംബര്‍ 2024 (08:52 IST)
ലോര്‍ഡ്‌സില്‍ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടുക എന്നത് മാത്രമാണ് നിലവില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നതെന്ന് നായകന്‍ ടെമ്പ ബവുമ. നിലവിലെ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 63.33 പോയന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്ക ഒന്നാമതാണ്. എങ്കിലും പാകിസ്ഥാനെതിരായ 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരത്തിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമെ ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാനാവു.
ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ഇന്ത്യ ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിനായി പോരാടുന്നത്. ഓസീസിനെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇനിയുള്ള മത്സരങ്ങള്‍ അതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നാല്‍ റെഡ് ബോള്‍ കളിക്കാരുടെ ലോകകപ്പാണ്. ഫൈനലില്‍ കളിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളില്‍ വിജയിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റാണ് കളിയുടെ ഏറ്റവും ശുദ്ധമായ രൂപമെന്നും ബവുമ പറഞ്ഞു.