രേണുക വേണു|
Last Modified ചൊവ്വ, 11 ജൂണ്‍ 2024 (08:11 IST)
South Africa vs Bangladesh, T20 World Cup 2024: ബംഗ്ലാദേശ് വിറപ്പിച്ചെങ്കിലും അവസാനം ജയിച്ചു കയറി ദക്ഷിണാഫ്രിക്ക. ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാന്‍ സാധിച്ചത് 109 റണ്‍സ് മാത്രം. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തൗഹിദ് ഹൃദോയ് 34 പന്തില്‍ 37 റണ്‍സുമായി ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി. മഹ്‌മദുള്ള 27 പന്തില്‍ 20 റണ്‍സ് നേടി. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സാണ്. കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. ഈ ഓവറില്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്ന മഹ്‌മദുള്ളയെ അടക്കം രണ്ട് വിക്കറ്റുകള്‍ മഹാരാജ് വീഴ്ത്തി. വിട്ടുകൊടുത്തത് വെറും ആറ് റണ്‍സ് മാത്രം. അവസാന പന്തില്‍ സിക്‌സ് അടിച്ചാല്‍ പോലും ബംഗ്ലാദേശിനു ജയിക്കാവുന്ന അവസ്ഥയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാഡയ്ക്കും ആന്റി നോര്‍ക്കിയയ്ക്കും രണ്ട് വീതം വിക്കറ്റുകള്‍.
23-4 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയതില്‍ ഹെന്‍ റിച് ക്ലാസനാണ് നിര്‍ണായക പങ്കുവഹിച്ചത്. ക്ലാസന്‍ 44 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായി. ക്ലാസന്‍ തന്നെയാണ് കളിയിലെ താരവും. ഡേവിഡ് മില്ലര്‍ 38 പന്തില്‍ 29 റണ്‍സ് നേടി. തന്‍സിം ഹസന്‍ സാക്കിബ് ആണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ വിറപ്പിച്ചത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് തന്‍സിം വീഴ്ത്തിയത്. ടസ്‌കിന്‍ അഹമ്മദിനു രണ്ട് വിക്കറ്റ്.