അഭിറാം മനോഹർ|
Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (16:18 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് മരണശയ്യയിലായെന്നും അടിയന്തിരമായ മേജര്‍ ശസ്ത്രക്രിയ തന്നെ ടീമിന് ആവശ്യമാണെന്നും വ്യക്തമാക്കി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുണ്ടായ നാണം കെട്ട തോല്‍വിയില്‍ പ്രതികരിക്കവെയാണ് പാക് ക്രിക്കറ്റിന്റെ ദയനീയ അവസ്ഥയെ പറ്റി മൊഹ്‌സിന്‍ നഖ്വി ദുഖം പ്രകടിപ്പിച്ചത്.
വിജയത്തിലെത്താന്‍ ടീമിന് ചെറിയ കാര്യങ്ങള്‍ ചെയ്യേണ്ട കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഒരു ക്രിക്കറ്റ് ടീമെന്ന നിലയില്‍ പാകിസ്ഥാന് മേജര്‍ ശസ്ത്രക്രിയ തന്നെ വേണം. ഇന്ത്യക്കെതിരായ മത്സരത്തില്‍ അതാണ് വ്യക്തമാകുന്നത്. അമേരിക്കക്കെതിരെ തോറ്റ രീതി അങ്ങേയറ്റം നിരാശപ്പെടുത്തുന്നതായിരുന്നു. ഇന്ത്യക്കെതിരായ തോല്‍വി അതിലും കടുപ്പമായി. ടീം എന്തുകൊണ്ടാണ് മികച്ച പ്രകടനം നടത്താത്തതെന്ന് എല്ലാവരും തന്നെ ചോദിക്കുന്നുണ്ട്. ഞങ്ങള്‍ ഇരുന്ന് എല്ലാ വശത്തെ പറ്റിയും ചിന്തിക്കും.
ലോകകപ്പില്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇന്ത്യയോടും അയര്‍ലന്‍ഡിനോടും യുഎസ്എ തോല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയര്‍ലന്‍ഡിനെതിരെയും കാനഡയ്‌ക്കെതിരെയും വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കാനായാല്‍ പാകിസ്ഥാന് ഇനിയും സാധ്യതകളുണ്ട്. നഖ്വി പറഞ്ഞു.