രേണുക വേണു|
Last Modified വെള്ളി, 3 ജനുവരി 2025 (09:04 IST)
Shubman Gill: സിഡ്‌നിയില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിക്കാതെ ശുഭ്മാന്‍ ഗില്‍. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ ഗില്‍ 64 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. നഥാന്‍ ലിന്നിന്റെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച ഗില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിനു ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
ഏഷ്യക്കു പുറത്ത് മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഗില്ലിനു സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 2021 ലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഗാബയില്‍ വെച്ച് ഗില്‍ 91 റണ്‍സ് നേടിയിരുന്നു. അത് ഒഴിച്ചു നിര്‍ത്തിയാല്‍ ഏഷ്യയ്ക്കു പുറത്തുള്ള അവസാന 17 ഇന്നിങ്‌സില്‍ ഒരിക്കല്‍ പോലും ഗില്ലിന്റെ വ്യക്തിഗത സ്‌കോര്‍ 40 കടന്നിട്ടില്ല. ഏഷ്യയ്ക്കു പുറത്തുള്ള അവസാന 17 ഇന്നിങ്‌സില്‍ അഞ്ച് തവണയാണ് രണ്ടക്കം കാണാതെ പുറത്തായിരിക്കുന്നത്. ശരാശരി വെറും 17.93 മാത്രമാണ്.
31, 28, 1, 20 എന്നിങ്ങനെയാണ് ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഗില്ലിന്റെ സ്‌കോറുകള്‍. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 20 ശരാശരിയില്‍ 80 റണ്‍സ് മാത്രം. സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്കു പകരമാണ് ഗില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്.
ബൗളിങ്ങിനു അനുകൂലമായ പിച്ചുകളില്‍ ഗില്‍ തീര്‍ത്തും പരാജയമാണെന്ന് ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശിക്കുന്നു. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ അല്ലാതെ ഗില്ലിനു തിളങ്ങാന്‍ സാധിക്കില്ലെന്നാണ് പരിഹാസം. അതിനെ സാധൂകരിക്കുന്നതാണ് ഏഷ്യയ്ക്കു പുറത്തുള്ള അവസാന 17 ഇന്നിങ്‌സുകളിലെ ഗില്ലിന്റെ പ്രകടനം.