രേണുക വേണു|
Last Modified തിങ്കള്‍, 14 നവംബര്‍ 2022 (08:30 IST)
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പാക്കിസ്ഥാന്‍ തോറ്റതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും വലിയ തമ്മിലടി നടക്കുകയാണ്. അതിലൊന്നാണ് പാക്കിസ്ഥാന്റെ മുന്‍ പേസര്‍ ഷോയ്ബ് അക്തറും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും തമ്മില്‍ നടന്നത്. പാക്കിസ്ഥാന്‍ തോറ്റതിനു പിന്നാലെ തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയാണ് അക്തര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിനു മുഹമ്മദ് ഷമി നല്‍കിയ മറുപടി വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
' ക്ഷമിക്കണം സഹോദരാ, ഇതിനെ കര്‍മ എന്ന് വിളിക്കും' എന്നാണ് അക്തറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് മുഹമ്മദ് ഷമി കുറിച്ചിരിക്കുന്നത്. ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിനാണ് തോറ്റത്. അതിനു പിന്നാലെ അക്തര്‍ ഇന്ത്യയെ പരിഹസിച്ചിരുന്നു. ഇന്ത്യയെ അന്ന് കളിയാക്കിയതിനു മറുപടി നല്‍കുകയാണ് ഷമി ചെയ്തതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
എന്നാല്‍ ഷമിയുടെ ട്വീറ്റിനെതിരെ പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് ഷമി ഒഴിഞ്ഞുനില്‍ക്കണമെന്ന് അഫ്രീദി പറഞ്ഞു.
' ഇപ്പോള്‍ ഒരു ടീമില്‍ കളിക്കുന്ന താരമാണ് നിങ്ങള്‍. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. നമ്മള്‍ ക്രിക്കറ്റ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാന്‍ ശ്രമിക്കേണ്ടവരാണ്. വിദ്വേഷം പരത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വളര്‍ത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്.' അഫ്രീദി പറഞ്ഞു.