സെവാഗ് പറഞ്ഞതു കേട്ടില്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍; അത് ആരെന്ന് ഷാക്കിബ് (വീഡിയോ)

എന്തിനാണ് ട്വന്റി 20 ലോകകപ്പില്‍ ഷാക്കിബ് കളിക്കുന്നതെന്ന് പരിഹാസ രൂപേണ സെവാഗ് ചോദിച്ചിരുന്നു

രേണുക വേണു| Last Modified വെള്ളി, 14 ജൂണ്‍ 2024 (20:23 IST)

വിരേന്ദര്‍ സെവാഗിന്റെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒറ്റവാക്കില്‍ മറുപടിയുമായി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ജയിച്ചതിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഷാക്കിബ് സെവാഗിന് കലക്കന്‍ മറുപടി കൊടുത്തത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഷാക്കിബ് 46 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയും കളിയിലെ താരമാകുകയും ചെയ്തു.

എന്തിനാണ് ട്വന്റി 20 ലോകകപ്പില്‍ ഷാക്കിബ് കളിക്കുന്നതെന്ന് പരിഹാസ രൂപേണ സെവാഗ് ചോദിച്ചിരുന്നു. അതിനു പിന്നാലെയാണ് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ മികച്ച പ്രകടനം. 'ഏകദിന ലോകകപ്പ് നടക്കുന്ന സമയത്ത് ഞാന്‍ കരുതി ഷാക്കിബിനെ ഇനി ട്വന്റി 20 ടീമില്‍ കളിപ്പിക്കില്ലെന്ന്. ഷാക്കിബ് വിരമിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു. നിങ്ങള്‍ മുതിര്‍ന്ന താരമാണ്, ടീമിന്റെ നായകനായിട്ടുണ്ട്. ഇപ്പോഴത്തെ പ്രകടനത്തില്‍ ശരിക്കും നാണക്കേട് തോന്നേണ്ടതാണ്. നിങ്ങള്‍ തന്നെ മുന്നോട്ടുവന്ന് എല്ലാം കഴിഞ്ഞെന്ന് പറഞ്ഞു വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടതാണ്,' എന്നാണ് സെവാഗ് ഷാക്കിബിനെ കുറിച്ച് പറഞ്ഞത്.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരശേഷം ഒരു മാധ്യമപ്രവര്‍ത്തകന്‍ സെവാഗിന്റെ പരാമര്‍ശം ഷാക്കിബിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ' നിങ്ങളുടെ സമീപകാല പ്രകടനങ്ങളെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, പ്രത്യേകിച്ച് സെവാഗ് നിങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഉടനെ തന്നെ 'ആര്' എന്നായിരുന്നു ഷാക്കിബിന്റെ മറുചോദ്യം. സെവാഗ് എന്നു മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചപ്പോള്‍ പുച്ഛഭാവത്തോടെ ഷാക്കിബ് അതിനെ വിട്ടുകളയുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :