അഭിറാം മനോഹർ|
Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (13:35 IST)
Shaheen Afridi, Babar Azam
പാകിസ്ഥാന്‍ ക്രിക്കറ്റ് മാത്രമല്ല പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്ററായ ബാബര്‍ അസമും ഒരു മോശം ഘട്ടത്തിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. 2022ല്‍ ന്യൂസിലന്‍ഡിനെതിരെ കറാച്ചിയില്‍ 161 റണ്‍സ് സ്വന്തമാക്കിയതിന് ശേഷം ടെസ്റ്റില്‍ നല്ലൊരു പ്രകടനം പോലും നടത്താന്‍ ബാബറിനായിട്ടില്ല. പാകിസ്ഥാന്‍ ടീമാകട്ടെ തങ്ങളുടെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ പാക് ക്യാമ്പില്‍ ബാബര്‍ അസമും പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള വഴക്കും പുറത്തുപാട്ടാണ്.
ഇടക്കാലത്ത് ബാബര്‍ അസമിന് പകരം ഷഹീന്‍ അഫ്രീദി നായകസ്ഥാനം ഏറ്റെടുത്തിരുന്നെങ്കിലും വൈകാതെ തന്നെ ബാബറിന് തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചുമതല നല്‍കുകയായിരുന്നു. മുള്‍ട്ടാനിലെ ഹൈവേയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 30, 5 എന്നിങ്ങനെയാണ് ബാബറിന്റെ സ്‌കോറുകള്‍. വിമര്‍ശകര്‍ സിംബാബര്‍ എന്നും സിംബു എന്നുമെല്ലാമാണ് ബാബറിനെ പരിഹസിക്കാന്‍ ഉപയോഗിക്കാറുള്ളത്. ചെറിയ ടീമുകള്‍ക്കെതിരെ മാത്രമാണ് ബാബര്‍ മികച്ച പ്രകടനങ്ങള്‍ നടത്താറുള്ളത് എന്നതാണ് ഇതിന് കാരണം.
ഇപ്പോഴിതാ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരത്തിനിടെ ബാബറിനെ പരിഹസിച്ചുകൊണ്ട് സൂപ്പര്‍ പേസറായ ഷഹീന്‍ അഫ്രീദി സിംബു എന്ന് വിളിച്ചുവെന്നാണ് പാക് ക്രിക്കറ്റിലെ പുതിയ വിവാദം. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍ ഷഹീന്‍ സിംബു സിംബു എന്ന് ഉറക്കെ വിളിക്കുന്നത് വ്യക്തമാണ്. ഇത് ബാബറും ഷഹീനും തമ്മില്‍ നല്ല ബന്ധമല്ല ഉള്ളത് എന്നത് വ്യക്തമാക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. നേരത്തെയും ഡ്രസ്സിംഗ് റൂമില്‍ ഇരുതാരങ്ങള്‍ക്കിടയില്‍ പ്രശ്‌നളുണ്ടെന്നും ബാബറും ഷഹീനും പരസ്പരം സംസാരിക്കാറ് പോലുമില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് പുതിയ സംഭവം.