സജിത്ത്|
Last Updated:
വ്യാഴം, 30 മാര്‍ച്ച് 2017 (12:50 IST)
ഒരിക്കല്‍ സച്ചിന്‍ നല്‍കിയ ഉപദേശം അവഗണിച്ചതിനാല്‍ ഒരു ചരിത്രനേട്ടത്തിനുടമയാകാന്‍ സേവാഗിന് സാധിച്ചിട്ടുണ്ട്. 2004 പാകിസ്ഥാനുമായുള്ള മൂന്ന് ടെസ്റ്റുമത്സരങ്ങളുടെ പരമ്പരയിലെ ഒന്നാം ടെസ്റ്റിലാണ് സംഭവം. മുള്‍ട്ടാനിലായിരുന്നു ആദ്യ ടെസ്റ്റ്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ് പാക് ബൗളര്‍മാരെ കശാപ്പ് ചെയ്ത് മുന്നോട്ടുപോകുകയാണ്. ആദ്യദിവസം കളി അവസാനിക്കുമ്പോള്‍ 228 റണ്‍സുമായി സേവാഗും, 60 റണ്‍സുമായി സച്ചിനുമായിരുന്നു ക്രീസില്‍. ഇന്ത്യയുടെ സ്കോറാവട്ടെ 356ന് 2.
സേവാഗ് പാക് ബൗളര്‍മാരെ ശിക്ഷിച്ച് മുന്നേറുമ്പോള്‍ മറുപുറത്ത് കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു സച്ചിന്‍. ആവേശത്തിലായ സേവാഗ് വീണ്ടും വീണ്ടും സിക്സറുകള്‍ അടിച്ചുകൊണ്ടേയിരുന്നു. ഇതോടെ സേവാഗിന് അടുത്ത് എത്തിയ സച്ചിന്‍ പറഞ്ഞു, ഇനി നീ സിക്സ് അടിച്ചാല്‍,എന്‍റെ ബാറ്റ് കൊണ്ട് നിന്നെയടിക്കുമെന്ന്. ആ വാക്കുകള്‍ അനുസരിച്ച സേവാഗ് പിന്നീട് 295 റണ്‍സ് എടുക്കുന്നതുവരെയും സിക്സ് ഒന്നും അടിച്ചില്ല. അവസാനം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡിന് 5 റണ്‍സ് അകലെ നില്‍ക്കുകയായിരുന്നു സേവാഗ്.
വെറും അഞ്ച് സിംഗിളുകള്‍ക്ക് അപ്പുറത്താണ് ആ റെക്കോഡ്. ആ സമയം സച്ചിന്റെ അടുത്തേക്ക് നീങ്ങിയ സേവാഗ് പറഞ്ഞു. സഹ്ലൈന്‍ മുസ്താഖ് ആണ് അടുത്ത ഓവര്‍ എറിയുന്നതെങ്കില്‍, ഞാന്‍ സിക്സ് അടിക്കുമെന്ന്. അത് തന്നെ സംഭവിച്ചു, അടുത്ത ഓവറില്‍ മുസ്താഖിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് വീരു സിക്സ് പറത്തുകയും ആ ചരിത്ര നേട്ടം സ്വന്തമാക്കുകയും ചെയ്തു. ആ ആഹ്ലാദം മറയ്ക്കാന്‍ സച്ചിനും കഴിഞ്ഞില്ല. ആ ടെസ്റ്റില്‍ സേവാഗ്
309 റണ്‍സാണ് 375 പന്തില്‍ നേടിയത്. ഇതില്‍ 39 ഫോറും, 6സിക്സും അടങ്ങിയിരുന്നു.