വേണ്ടത് 21 റൺസ് മാത്രം, കോലിക്കും രോഹിത്തിനുമൊപ്പം എലൈറ്റ് പട്ടികയിൽ സഞ്ജുവും

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (16:18 IST)
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ കണ്ണുവെച്ച് മലയാളിതാരം സഞ്ജു സാംസണ്‍. ആദ്യ ടി20 മത്സരത്തില്‍ 21 റണ്‍സ് നേടാനായാല്‍ സമകാലീക ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസതാരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം എലൈറ്റ് പട്ടികയില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിക്കും.ടി20 ക്രിക്കറ്റില്‍ 6000 റണ്‍സെന്ന നാഴികകല്ലാണ് വെസ്റ്റിന്‍ഡീസ് സീരീസില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത്.

ആദ്യ ടി20യില്‍ 21 റണ്‍സാണ് ഇതിനായി സഞ്ജുവിന് ആവശ്യമുള്ളത്. നിലവില്‍ ഇന്ത്യയുടെ 12 താരങ്ങളാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഐപിഎല്ലടക്കം 241 ടി20 മത്സരങ്ങളില്‍ നിന്നും 5979 റണ്‍സാണ് താരം നേടിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍,ഡല്‍ഹി ടീമുകളില്‍ കളിച്ച താരം 29.23 ശരാശരിയില്‍ 3888 റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി 13 ഇന്നിങ്ങ്‌സുകള്‍ മാത്രമാണ് ടി20യില്‍ സഞ്ജു കളിച്ചത്. ഇതില്‍ ഒരു ഫിഫ്റ്റിയടക്കം 301 റണ്‍സാണ് സഞ്ജു നേടിയത്.

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സ് സൂപ്പര്‍ താരം വിരാട് കോലിയുടെ പേരിലാണ്. 374 ടി20 മത്സരങ്ങളില്‍ നിന്നും 11,965 റണ്‍സാണ് കോലി വാരികൂട്ടിയത്. മറ്റൊരു സൂപ്പര്‍ താരമായ രോഹിത് ശര്‍മ 423 മത്സരങ്ങളില്‍ നിന്നും 11,035 റണ്‍സാണ് സ്വന്തമാക്കിയത്. ഓവറോള്‍ പട്ടികയെടുത്താല്‍ ടി20യിലെ റണ്‍വേട്ടക്കാരില്‍ കോലി നാലാമനും രോഹിത് എട്ടാമനുമാണ്. രോഹിത്തിന് പിന്നില്‍ 9645 റണ്‍സുമായി ശിഖര്‍ ധവാന്‍ 8654 റണ്‍സുമായി സുരേഷ് റെയ്‌ന, 7272 റണ്‍സുമായി റോബിന്‍ ഇത്തപ്പ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.

എം എസ് ധോനി(7271) ദിനേഷ് കാര്‍ത്തിക്(7081), കെ എല്‍ രാഹുല്‍(7036),മനീഷ് പാണ്ഡെ(6810),സൂര്യകുമാര്‍ യാദവ്(6501),ഗൗതം ഗംഭീര്‍(6402),അമ്പാട്ടി റായുഡു(6028) എന്നിവരാണ് ടി20യില്‍ 6000 റണ്‍സ് സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :