അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (14:17 IST)
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ച സാഹചര്യത്തില്‍ സഞ്ജുവിന് ടി20 ക്രിക്കറ്റില്‍ ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ബിന്നി ആവശ്യപ്പെടുന്നത്. ടി20 ക്രിക്കറ്റില്‍ കോലിയുടെയും രോഹിത്തിന്റെയും വിടവ് നികത്താന്‍ കഴിയുന്ന യുവതാരങ്ങള്‍ ആരെല്ലാമെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോലിയും രോഹിത്തും വിരമിച്ചു. ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണിന് ഇനിയെങ്കിലും അവസരം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും സഞ്ജു പരമാവധി മുതലെടുക്കുന്നുണ്ട്. മുന്നോട്ട് പോകുമ്പോള്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ സ്ഥിരമായി ലഭിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. ഇന്‍സൈഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റുവര്‍ട്ട് ബിന്നി പറഞ്ഞു.
സമീപകാലത്ത് മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സഞ്ജു ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബിക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 101 പന്തില്‍ 106 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 53 പന്തില്‍ 45 റണ്‍സുമായും സഞ്ജു തിളങ്ങിയിരുന്നു.