രേണുക വേണു|
Last Modified ചൊവ്വ, 30 ജൂലൈ 2024 (20:47 IST)
ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാനുള്ള നിര്‍ണായക അവസരം തുലച്ച് സഞ്ജു സാംസണ്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ സഞ്ജു പൂജ്യത്തിനു പുറത്തായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് സഞ്ജു സം'പൂജ്യ'നായി മടങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായ സഞ്ജു മൂന്നാം മത്സരത്തില്‍ നാല് പന്തുകള്‍ നേരിട്ട് റണ്‍സൊന്നും സ്കോര്‍ ചെയ്യാതെ മടങ്ങി.
റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് പരിശീലകന് ഗൗതം ഗംഭീര്‍ ഇത്തവണ സഞ്ജുവിന് അവസരം നല്‍കിയത്. രണ്ടാം ടി20 യില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു ഇന്ന് വണ്‍ഡൗണ്‍ ആയാണ് ക്രീസിലെത്തിയത്. ചമിന്ദു വിക്രമസിങ്കെയുടെ പന്തില്‍ വനിന്ദു ഹസരംഗയ്ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്തായതോടെ സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥിരമാകാന്‍ കഴിയില്ലെന്ന് ഉറപ്പായി.