അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ജൂലൈ 2024 (13:27 IST)
ക്രിക്കറ്റില്‍ ബൗളര്‍മാരുടെ അവകാശങ്ങള്‍ക്കായി ഏറ്റവുമധികം വാദിച്ചിട്ടുള്ള ബൗളറാണ് ഇന്ത്യന്‍ ഓഫ് സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. ഐപിഎല്ലില്‍ ജോസ് ബട്ട്ലറെ മാങ്കാദിംഗിലൂടെ പുറത്താക്കിയതും ഇതിന് ശേഷം മങ്കാദിംഗ് ബൗളര്‍മാരുടെ അവകാശമാണെന്നും അശ്വിന്‍ അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ അശ്വിനെ തന്നെ മങ്കാദിംഗിലൂടെ പുറത്താക്കാന്‍ ശ്രമിച്ചിരിക്കുകയാണ് ലെഫ്റ്റ് ആം സ്പിന്നറായ മോഹന്‍ പ്രശാന്ത്.
തമിഴ് നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗന്‍സും നെല്ലൈ റോയല്‍ കിംഗ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. മോഹന്‍ പ്രശാന്ത് പന്തെറിയാന്‍ ശ്രമിക്കുന്നതിനിടെ അശ്വിന്‍ ബാറ്റുമായി പതിയെ മുന്നോട്ട് പോവുകയായിരുന്നു. ഈ സമയത്താണ് ബൗളിംഗ് ആക്ഷന്‍ അവസാനിപ്പിച്ചുകൊണ്ട് മോഹന്‍ പ്രശാന്ത് മങ്കാദിംഗിനായി ശ്രമിച്ചത്. എന്നാല്‍ അശ്വിന്‍ പെട്ടെന്ന് തന്നെ ക്രീസിലേക്ക് മടങ്ങിയതോടെ മോഹന്‍ പ്രശാന്ത് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നുള്ള റീപ്ലേയില്‍ അശ്വിന്റെ ബാറ്റ് ക്രീസിലുണ്ടെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
2012ല്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മങ്കാദിംഗിലൂടെ ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനെയെ പുറത്താക്കാന്‍ അശ്വിന്‍ ശ്രമിച്ചിരുന്നു. അന്ന് വിക്കറ്റിനായി താരം അപ്പീല്‍ ചെയ്‌തെങ്കിലും ഈ അപ്പീല്‍ നായകനായിരുന്ന വിരേന്ദര്‍ സെവാഗ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ഐപിഎല്‍ മത്സരത്തിലൂടെ ജോസ് ബട്ട്ലറെ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയിരുന്നു. ഇത് പിന്നീട് ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ബുക്കിലെ നിയമങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അതില്‍ തെറ്റില്ലെന്നുമാണ് മങ്കാദിങ്ങിനെ പറ്റി അശ്വിന്‍ വിശദീകരിക്കാറുള്ളത്.