രേണുക വേണു|
Last Modified വെള്ളി, 3 ജനുവരി 2025 (13:01 IST)
Rohit Sharma: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. സിഡ്‌നി ടെസ്റ്റിനു ശേഷമായിരിക്കും രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇനി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് കളിക്കാന്‍ താനില്ലെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചു. സിഡ്‌നി ടെസ്റ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത് രോഹിത് തന്നെയാണ്.
സിഡ്‌നി ടെസ്റ്റിനുള്ള 16 അംഗ സ്‌ക്വാഡില്‍ പോലും രോഹിത്തിന്റെ പേരില്ല. പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത താരങ്ങളുടെ റിസര്‍വ് ലിസ്റ്റില്‍ രോഹിത് ശര്‍മയുടെ പേര് നല്‍കിയിട്ടില്ല. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു തവണ മാത്രമാണ് രോഹിത് രണ്ടക്കം കണ്ടിരിക്കുന്നത്. 3, 6, 10, 3, 9 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രോഹിത്തിന്റെ വ്യക്തിഗത സ്‌കോറുകള്‍. അതായത് അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 6.2 ശരാശരിയില്‍ വെറും 31 റണ്‍സ് !
രോഹിത്തിന്റെ അവസാന 16 ഇന്നിങ്സുകള്‍ ഇങ്ങനെയാണ്: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6, 10, 3, 9 ! അവസാന 16 ഇന്നിങ്സുകളില്‍ രണ്ടക്കം കണ്ടിരിക്കുന്നത് വെറും അഞ്ച് തവണ മാത്രം.
സിഡ്‌നിയില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. തുടര്‍ന്നും ബുംറ തന്നെയായിരിക്കും ഇന്ത്യയുടെ മുഴുവന്‍ സമയ ടെസ്റ്റ് നായകന്‍. സിഡ്‌നി ടെസ്റ്റില്‍ കളിച്ച് വിരമിക്കാനുള്ള സാധ്യത പോലും രോഹിത് ബിസിസിഐയോട് ആരാഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.