അഭിറാം മനോഹർ|
Last Updated:
വെള്ളി, 2 ഓഗസ്റ്റ് 2024 (10:36 IST)
Rohit sharma,Gautham Gambhir
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകാനിരിക്കെ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി രോഹിത് ശര്‍മയുള്‍പ്പെടുന്ന സീനിയര്‍ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് കോലിയും രോഹിത്തും അടങ്ങുന്ന സീനിയര്‍ താരങ്ങള്‍ ടീമിനൊപ്പം ചേരുന്നത്. പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീര്‍ സീനിയര്‍ താരങ്ങളെ എങ്ങനെയാകും കൈകാര്യം ചെയ്യുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
ഇപ്പോളിതാ പുതിയ പരിശീലകന് കീഴില്‍ കളിക്കുന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ഏകദിന ടീമിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഗംഭീറിന്റെ സമീപനം മുന്‍പ് വന്നിട്ടുള്ള പരിശീലകരില്‍ നിന്നും വ്യത്യസ്തമാകുമെന്ന് രോഹിത് സമ്മതിച്ചു. ഗൗതം ഗംഭീര്‍ ഒരുപാട് ക്രിക്കറ്റ് കളിച്ച് പരിചയമുള്ള വ്യക്തിയാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഗംഭീര്‍ സജീവമായിരുന്നു. മുന്‍പുണ്ടായിരുന്ന പരിശീലകരില്‍ നിന്നും ഗംഭീര്‍ വ്യത്യസ്തനായിരിക്കും. ദ്രാവിഡിന് മുന്‍പ് രവിശാസ്ത്രി ടീമിനൊപ്പം ഉണ്ടായിരുന്നു. ഓരോ വ്യക്തിയും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഗംഭീറിനെ വളരെക്കാലമായി അറിയാം. ഞങ്ങള്‍ ഒന്നിച്ച് കുറച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീമില്‍ നിന്നും എന്താണ് വേണ്ടതെന്ന് ഗംഭീറിനറിയാം. രോഹിത് പറഞ്ഞു.
അതേസമയം ടി20 ലോകകപ്പ് വിജയത്തെ പറ്റിയും രോഹിത് ശര്‍മ മനസ്സ് തുറന്നു. 2023ലെ ഏകദിന ലോകകപ്പില്‍ തോറ്റപ്പോള്‍ കടുത്ത നിരാശയുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടിവന്നു. ഈ ലോകകപ്പിനായി കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ ടി20 ലോകകപ്പ് അവസാനിച്ചു. ഒരു ടീമെന്ന നിലയില്‍ എന്താണ് നമ്മുടെ മുന്നിലുള്ളതെന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരു വലിയ ടൂര്‍ണമെന്റ് നമുക്ക് മുന്നിലുണ്ട്. രോഹിത് പറഞ്ഞു.