അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2024 (14:23 IST)
ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ മേലുള്ള ആത്മവിശ്വാസം വെളിപ്പെടുത്തി നായകന്‍ രോഹിത് ശര്‍മ. പരമ്പരയിലെ കഴിഞ്ഞ 3 മത്സരങ്ങളിലും കാര്യമായ സംഭാവന നല്‍കാന്‍ പന്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന 2 മത്സരങ്ങളിലും പന്ത് തിളങ്ങുമെന്ന ആത്മവിശ്വാസമാണ് രോഹിത് പങ്കുവെച്ചത്. യുവതാരത്തിന് മുകളില്‍ ധാരാളം പ്രതീക്ഷകളുണ്ടെന്നും മികച്ച പ്രകടനം നടത്താന്‍ പന്ത് കഠിനമായി അധ്വാനിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു.
മെല്‍ബണ്‍ ടെസ്റ്റിലേക്ക് പോകുമ്പോള്‍ പരമ്പര 1-1 എന്ന നിലയിലാണ്. ഓസ്‌ട്രേലിയക്കെതിരെ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ എന്ന നിലയില്‍ പന്തിന് ടീമില്‍ സവിശേഷമായ പ്രാധാന്യമാണുള്ളത്. പന്തിന്റെ മുന്‍കാല പ്രകടനങ്ങള്‍ ഈ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അപകടത്തില്‍ നിന്നും തിരിച്ചുവന്ന ശേഷവും ടെസ്റ്റില്‍ സെഞ്ചുറി നേടാന്‍ പന്തിന് സാധിച്ചിരുന്നു എന്നാല്‍ ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 5 ഇന്നിങ്ങ്‌സില്‍ നിന്നും 19.20 ശരാശരിയില്‍ 96 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 37 ആണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ 2 മത്സരങ്ങളില്‍ പ്രകടനം കൊണ്ട് മാത്രം ഒരു താരത്തെയും വിലയിരുത്തരുതെന്നും അടുത്ത മത്സരങ്ങളില്‍ ശക്തമായി തന്നെ താരം തിരിച്ചെത്തുമെന്നും രോഹിത് പറയുന്നു. ശുഭ്മാന്‍ ഗില്‍,യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയ കളിക്കാര്‍ക്കെല്ലാം എന്ത് ചെയ്യണം എന്നറിയാം എന്ന് കൊണ്ട് തന്നെ അമിതമായ ഫീഡ് ബാക്ക് നല്‍കരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.