രേണുക വേണു|
Last Modified ശനി, 21 ജനുവരി 2023 (15:01 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തത് ആരാധകരെയെല്ലാം ഒരുനിമിഷം ഞെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് ആനുകൂല്യുമുള്ള ഇന്ത്യന്‍ പിച്ചില്‍ എന്തുകൊണ്ടാണ് നായകന്‍ രോഹിത് ശര്‍മ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാല്‍ തുടക്കത്തിലെ തന്നെ ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ വിറപ്പിച്ച് താന്‍ എടുത്ത തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് അടിവരയിടുകയാണ് രോഹിത്. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ആകുമ്പോഴേക്കും കിവീസിന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.
അതേസമയം, ടോസ് ലഭിച്ച ശേഷം തീരുമാനം അറിയിക്കാന്‍ രോഹിത് ശര്‍മ ഏതാനും നിമിഷങ്ങള്‍ കാത്തുനിന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിസിസിഐ തന്നെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയായിരുന്നു ടോസ് സമയത്ത് അവതാരകന്‍. ടോസ് നിയന്ത്രിക്കാന്‍ എത്തിയത് മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥും.
ന്യൂസിലന്‍ഡ് നായകന്‍ ടോം ലാതത്തിനൊപ്പമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടോസിങ്ങിനായി കളത്തിലെത്തിയത്. ടോസ് രോഹിത്തിന് അനുകൂലമായിരുന്നു. പൊതുവെ ടോസ് ലഭിച്ച നായകന്‍ അപ്പോള്‍ തന്നെ ബാറ്റിങ്ങാണോ ബൗളിങ്ങാണോ തിരഞ്ഞെടുക്കുന്നതെന്ന് പറയും. എന്നാല്‍ അത് പറയാന്‍ ബുദ്ധിമുട്ടുന്ന രോഹിത്തിനെ വീഡിയോയില്‍ കാണാം. ടീം തീരുമാനം രോഹിത് മറന്നുപോയതാണ് കാരണം. അല്‍പ്പനേരം നിന്ന് ഓര്‍ത്തെടുത്ത ശേഷമാണ് ബൗളിങ് എന്ന് രോഹിത് പറയുന്നത്. കിവീസ് നായകന്‍ ടോം ലാതത്തെ അടക്കം ഇത് ചിരിപ്പിച്ചു. ഗ്രൗണ്ടില്‍ നിന്ന് പരിശീലിക്കുകയായിരുന്ന ഇന്ത്യന്‍ താരങ്ങളും രോഹിത്തിനെ നോക്കി ചിരിക്കുന്നത് വീഡിയോയില്‍ കാണാം.
' എന്താണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ഞാന്‍ മറന്നു പോയി. ടോസിനെ കുറിച്ചും ടോസ് ലഭിച്ചാല്‍ തിരഞ്ഞെടുക്കേണ്ടതിനെ കുറിച്ചും ഒരുപാട് ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തിയതാണ്. പക്ഷേ ഞാന്‍ ഒരു നിമിഷത്തേക്ക് ബ്ലാങ്ക് ആയിപ്പോയി. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഞങ്ങളെ തന്നെ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ആദ്യം ബൗളിങ് ചെയ്യാന്‍ തീരുമാനിച്ചത്,' ടോസിന് ശേഷം രോഹിത് പറഞ്ഞു.